പെട്രോള്‍, ഡീസല്‍ നികുതി: കേന്ദ്രത്തിന്റെ വരുമാനം കൂടിയത് 88 %

2021-22 സാമ്പത്തിക വര്‍ഷം പെട്രോള്‍ വില 39 തവണയും ഡീസല്‍ വില 36 തവണയും കൂട്ടിയതായി മന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും നികുതി പിരിവിലൂടെ ഈ വര്‍ഷം കേന്ദ്ര സര്‍ക്കാരിനുണ്ടായ വരുമാന വര്‍ധന 88 ശതമാനം. 3.35 ലക്ഷം കോടി രൂപയാണ്, ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഓട്ടോ ഇന്ധന നികുതിയായി കേന്ദ്രം പിരിച്ചെടുത്തത്.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍. പെട്രോളിന്റെ തീരുവ 19.98 രൂപയില്‍നിന്ന് 32.9 രൂപയായാണ് കഴിഞ്ഞ വര്‍ഷം കൂട്ടിയത്. ഡീസലിന്റെ നികുതി 15.83 രൂപയില്‍നിന്ന് 31.8 രൂപയായും ഉയര്‍ത്തി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂത്തനെ ഇടിഞ്ഞപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി ഉയര്‍ത്തിയത്. ഇതിലൂടെ വിലയിടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതെ അധിക വരുമാനം കണ്ടെത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതിയായി കേന്ദ്രത്തിനു ലഭിച്ചത്. തൊട്ടു മുന്‍ വര്‍ഷം ഇത് 1.78 ലക്ഷം കോടി ആയിരുന്നെന്ന് പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി ലോക്‌സഭയെ അറിയിച്ചു.

നികുതി കൂടുതല്‍ ലഭിച്ചെങ്കിലും പോയ വര്‍ഷം രാജ്യത്ത് ഇന്ധന വില്‍പ്പന
കുറവായിരുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനവും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്കഡൗണുമാണ് ഇന്ധന വിലപ്പന കുറയാനിടയാക്കിയത്. 

രാജ്യാന്തര വിപണിയിലെ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും ഉള്‍പ്പെടെയുള്ള ഘടകകള്‍ പരിഗണിച്ചാണ് പൊതു മേഖലാ എണ്ണക്കമ്പനികളാണ് രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്നതെന്ന് മ്ന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ നികുതി വര്‍ധന ഇന്ധനവിലയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും മന്ത്രി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. 

2021-22 സാമ്പത്തിക വര്‍ഷം പെട്രോള്‍ വില 39 തവണയും ഡീസല്‍ വില 36 തവണയും കൂട്ടിയതായി മന്ത്രി പറഞ്ഞു. പെട്രോള്‍ വില കുറച്ചത് ഒരു തവണയാണ്. ഡീസല്‍ വില രണ്ടു തവണ കുറച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com