ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പെട്രോളിന് കൂടുതല്‍ നികുതി മധ്യപ്രദേശില്‍, ഡീസലിന് രാജസ്ഥാനില്‍, വില വര്‍ധനയില്‍ നേട്ടം ഉണ്ടാക്കിയത് ആന്ധ്ര; കണക്കുകള്‍ ഇങ്ങനെ 

രാജ്യത്ത് മധ്യപ്രദേശിലാണ് പെട്രോളിന് ഏറ്റവുമധികം മൂല്യവര്‍ധിത നികുതി ചുമത്തുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

ന്യൂഡല്‍ഹി:രാജ്യത്ത് മധ്യപ്രദേശിലാണ് പെട്രോളിന് ഏറ്റവുമധികം മൂല്യവര്‍ധിത നികുതി ചുമത്തുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഡീസലിന്റെ കാര്യത്തില്‍ സംസ്ഥാന അടിസ്ഥാനത്തില്‍ രാജസ്ഥാനത്താണ് ഒന്നാം സ്ഥാനത്ത്. വലിയ തോതില്‍ നികുതി ചുമത്തുന്നതാണ് പെട്രോളിനും ഡീസലിനും വില ഉയരാന്‍ കാരണം. പെട്രാളിന്റെ ചില്ലറ വിലയില്‍ 55 ശതമാനമാണ് നികുതി. സംസ്ഥാന, കേന്ദ്ര നികുതികള്‍ അടക്കമാണിത്. ഡീസലിന് ഇത് 50 ശതമാനം വരുമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നിശ്ചിത നികുതിയാണ് പെട്രോളിനും ഡീസലിനും ചുമത്തുന്നത്. പെട്രോള്‍ ലിറ്ററിന് 32.90 രൂപയാണ് എക്‌സൈസ് നികുതിയായി ചുമത്തുന്നത്. ഡീസലിന് ഇത് 31.80 രൂപ വരും. സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതിയാണ് യഥാര്‍ത്ഥത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനയില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ പെട്രോള്‍ ലിറ്ററിന് 31.55 രൂപയാണ് സംസ്ഥാന നികുതിയായി ചുമത്തുന്നത്. രാജസ്ഥാനില്‍ ഡീസലിന് 21.82 രൂപയാണ് ചുമത്തുന്നതെന്നും മന്ത്രി പറഞ്ഞു.രാജസ്ഥാനില്‍ 29.88 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് മൂല്യവര്‍ധിത നികുതിയായി വരുന്നത്. മഹാരാഷ്ട്രയില്‍ ഇത് 29.55 ആണ്. ആന്ധ്രയില്‍ ഡീസലിന് 21.78 രൂപയാണ് സംസ്ഥാന നികുതിയായി ചുമത്തുന്നത്. മധ്യപ്രദേശില്‍ 21.69 രൂപയും  ഒഡീഷയില്‍ 20.93 ഉം മഹാരാഷ്ട്രയില്‍ 20.85ഉം ആണ് ഡീസലിന് നികുതി. ഡല്‍ഹിയില്‍ 101.54 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. 32.90 രൂപയാണ് എക്‌സൈസ് നികുതി. 23.43 രൂപ് വാറ്റ് വരും. ഡീസലിന്റെ കാര്യത്തില്‍ എക്‌സൈസ് നികുതി 31.80 രൂപയാണ്. 13.14 രൂപയാണ് സംസ്ഥാന വാറ്റ്. പെട്രോളിന്റെ ചില്ലറ വിലയുടെ 32.4 ശതമാനമാണ് എക്‌സൈസ് നികുതി. ഡീസലിന് ഇത് 35.4 ശതമാനം വരുമെന്നും മന്ത്രി അറിയിച്ചു.  

പെട്രാളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും നികുതി പിരിവ് ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആന്ധ്രയില്‍ പെട്രോള്‍ ലിറ്ററിന് 7.59 രൂപയാണ് അധികമായി ലഭിച്ചത്. ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയ സംസ്ഥാനം ആന്ധ്രയാണ്. ഡീസലിന് 5.48 രൂപയാണ് അധികമായി ലഭിച്ചത്. തെലങ്കാന, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, അസം എന്നി സംസ്ഥാനങ്ങള്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള നികുതി പിരിവില്‍ കുറവുണ്ടായതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം പെട്രോളിന്റെ എക്‌സൈസ് നികുതിയായി സമാഹരിച്ചത് 1,01,598 കോടി രൂപയാണ്. ഡീസലിന് ഇത് 2,33,296 കോടി വരുമെന്നും മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.രാജ്യത്ത് ഏറ്റവും കുറഞ്ഞ മൂല്യവര്‍ധിത നികുതി ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്. പെട്രോള്‍ ലിറ്ററിന് 4.82 രൂപയും ഡീസലിന് 4.74 രൂപയുമാണ് ചുമത്തുന്നത്. 

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് എക്‌സൈസ് നികുതി ചുമത്തുന്നത് വഴി സമാഹരിക്കുന്ന തുക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗ്രാം സഡക് യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന തുടങ്ങിയ ക്ഷേമ പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com