ഇനി 'സ്ഥിര നിക്ഷേപം' എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം, പിഴ പേടിക്കേണ്ട!; മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് പദ്ധതിയുമായി എസ്ബിഐ

പണലഭ്യത ഉറപ്പുവരുത്താന്‍ മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് പദ്ധതിയുമായി എസ്ബിഐ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പണലഭ്യത ഉറപ്പുവരുത്താന്‍ മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് പദ്ധതിയുമായി എസ്ബിഐ. സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാന്‍ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. സേവിങ്‌സ് അക്കൗണ്ടുമായോ കറന്റ് അക്കൗണ്ടുമായോ ബന്ധിപ്പിച്ച് ഈ പദ്ധതിയുമായി മുന്നോട്ടുപോകാവുന്നതാണ്. ടേം ഡെപ്പോസിറ്റിന്റെ മാതൃകയിലാണ് ഈ പദ്ധതി.

സ്ഥിരം നിക്ഷേപം, വാക്ക് പോലെ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ മാത്രമേ തുക പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് പദ്ധതി തെരഞ്ഞെടുക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാം. അക്കൗണ്ട് ക്ലോസ് ചെയ്യാതെ തന്നെ പണം പിന്‍വലിക്കാം എന്നതാണ് പ്രത്യേകത. സാമ്പത്തിക ആവശ്യങ്ങള്‍ വന്നാല്‍ എളുപ്പം പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതി. ആയിരത്തിന്റെ ഗുണിതങ്ങളായി പണം പിന്‍വലിക്കാനുള്ള അവസരമാണ് ഒരുക്കിയത്.

10,000 രൂപയാണ് ഈ പദ്ധതി തുടങ്ങാനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ആയിരത്തിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം.നിക്ഷേപത്തിന് പരിധിയില്ല. ടേം ഡെപ്പോസിറ്റിന്റെ അതേ പലിശനിരക്ക് ലഭിക്കും. കുറഞ്ഞ നിക്ഷേപ പരിധി ഒരു വര്‍ഷമാണ്. കൂടിയത് അഞ്ചുവര്‍ഷം വരെ. സ്ഥിര നിക്ഷേപത്തില്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപം കാലാവധി തീരും മുന്‍പ് പിന്‍വലിച്ചാല്‍ 0.50 ശതമാനമാണ് പിഴ. അഞ്ചുലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇത് ഒരു ശതമാനം വരും. എന്നാല്‍ മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് പദ്ധതിയില്‍ നിക്ഷേപ കാലാവധിയില്‍ അനുവദിച്ചിട്ടുള്ള പലിശനിരക്കില്‍ നിന്ന് പിഴ കിഴിച്ച് ബാക്കി പണം നിക്ഷേപകന് നല്‍കും. 

ഒറ്റയ്ക്കും സംയുക്തമായും അക്കൗണ്ട് തുടങ്ങാം. വായ്പ സൗകര്യം ലഭിക്കും. എസ്ബിഐ ഓണ്‍ലൈന്‍ വഴിയും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com