ഏപ്രില്‍ ഒന്നുമുതല്‍ ഒരു വിവരവും  മറച്ചുവെയ്ക്കാന്‍ സാധിക്കില്ല; ആദായനികുതി വകുപ്പ് കയ്യോടെ പൊക്കും 

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ പരിശോധനയുടെ പരിധി വിപുലമാക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ പരിശോധനയുടെ പരിധി വിപുലമാക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്. നിലവില്‍ നികുതിദായകരുടെ മാസം തോറും ലഭിക്കുന്ന ശമ്പളം, ബാങ്ക് നിക്ഷേപത്തിന്മേലുള്ള പലിശ, വിവിധ സോത്രസ്സുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം എന്നിവയാണ് മുഖ്യമായി ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ഓഹരി വ്യാപാരം അടക്കം വിവിധ തലങ്ങളിലെ നികുതിദായകരുടെ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും.

നിലവില്‍ നികുതിദായകരില്‍ ഒട്ടുമിക്ക ആളുകളും ഓഹരി കമ്പോളത്തിലുള്ള വ്യാപാരം, ഡിവിഡന്റ് തുടങ്ങിയ കാര്യങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഒഴിവാക്കുന്നതാണ് പതിവ്. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ഇത്തരം ഇടപാടുകള്‍ മറച്ചുവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ നടപടികളില്‍ നിന്ന് വ്യക്തമാകുന്നത്. ഓഹരിവിപണിയിലെ ഇടപാടുകളില്‍ നിന്ന് ലഭിക്കുന്ന മൂലധന നേട്ടം, നഷ്ടം എന്നിവ കണക്കാക്കുന്നതിനുള്ള സങ്കീര്‍ണതകള്‍ അടക്കം വിവിധ വിഷയങ്ങള്‍ പരിഗണിച്ചാണ് നികുതിദായകരില്‍ പലരും റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഇവ മറച്ചുവെയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിശോധനയുടെ വ്യാപ്തി വര്‍ധിപ്പിച്ച് കൂടുതല്‍ രംഗങ്ങള്‍ നികുതിപരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആദായനികുതി വകുപ്പ്.

ഏപ്രില്‍ ഒന്നുമുതല്‍ ഓഹരി വ്യാപാരം, മ്യൂച്ചല്‍ ഫണ്ട് ഇടപാട്, ഡിവിഡന്‍ഡ്, പോസ്റ്റ് ഓഫീസ് നിക്ഷേപം, ബാങ്കിതര സ്ഥാപനങ്ങളിലെ നിക്ഷേപം തുടങ്ങി വിവിധ രംഗങ്ങളിലുള്ള നികുതിദായകരുടെ നിക്ഷേപ വിവരങ്ങള്‍ ആദായനികുതി വകുപ്പ് സമാഹരിക്കും. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ഫോമില്‍ ഇത് പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രോക്കര്‍, എഎംസി, പോസ്റ്റ് ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ കണ്ടെത്താന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പ്രയാസവുമില്ല.

നിലവില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോമില്‍ പേര്, പാന്‍, മേല്‍വിലാസം, ബാങ്ക് വിവരങ്ങള്‍, നികുതി അടച്ച വിവരങ്ങള്‍, ടിഡിഎസ് തുടങ്ങിയ വിവരങ്ങള്‍ നല്‍കാനുള്ള കോളങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിച്ച മൂലധന നേട്ടം അടക്കം വിവിധ രംഗങ്ങളിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങള്‍ അടങ്ങിയ മുന്‍കൂട്ടി പൂരിപ്പിച്ച റിട്ടേണ്‍ ഫോമാണ് ലഭിക്കുക. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാണ് ഈ പരിഷ്‌കാരം എന്നാണ് മന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com