വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള പതിവ് ബില്ലുകള്‍ തടസപ്പെടാം; പുതിയ ചട്ടവുമായി റിസര്‍വ് ബാങ്ക് 

ഓണ്‍ലൈന്‍ വഴി പ്രതിമാസ തിരിച്ചടവുകള്‍ നടത്തുന്നവര്‍ക്കുള്ള ഓട്ടോമാറ്റിക് ഡെബിറ്റ് സേവനങ്ങള്‍ അടുത്തമാസം ഒന്നുമുതല്‍ തടസപ്പെട്ടേക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി പ്രതിമാസ തിരിച്ചടവുകള്‍ നടത്തുന്നവര്‍ക്കുള്ള ഓട്ടോമാറ്റിക് ഡെബിറ്റ് സേവനങ്ങള്‍ അടുത്തമാസം ഒന്നുമുതല്‍ തടസപ്പെട്ടേക്കാം. പ്രതിമാസ തിരിച്ചടവുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പുതിയ വ്യവസ്ഥയാണ് ഇതിന് കാരണം. മൊബൈല്‍ ഫോണ്‍ ബില്ലുകള്‍, നിത്യോപയോഗ ബില്ലുകള്‍, മറ്റ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍, സ്ട്രീമിങ്ങ് സര്‍വീസ് തുടങ്ങിയവയ്ക്ക് ബാങ്കുകളുടെ ഓട്ടോ ഡെബിറ്റ് സേവനം പ്രയോജനപ്പെടുത്തുന്നവര്‍ നിരവധിയാണ്. അടുത്തമാസം മുതല്‍ പ്രതിമാസ തിരിച്ചടവുകള്‍ക്ക് മുന്‍പ് ഉപഭോക്താവിന്റെ സമ്മതം വാങ്ങണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.

ഉപഭോക്താക്കളുടെ പണമിടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ച്ച് 31നകം കാര്‍ഡ് നെറ്റ് വര്‍ക്കുകള്‍, ഓണ്‍ലൈന്‍ വ്യാപാരികള്‍, ബാങ്കുകള്‍ എന്നിവര്‍ ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ വ്യവസ്ഥ  പാലിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന നിശ്ചിത ദിവസത്തിന് അഞ്ചുദിവസം മുന്‍പായി ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് സര്‍വീസ് ദാതാക്കള്‍ തുടങ്ങി ഓണ്‍ലൈന്‍ സേവനം നല്‍കുന്നവര്‍ ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കണം. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യാന്‍ അക്കൗണ്ടുടമയുടെ അനുമതി വാങ്ങിയതിന് ശേഷമേ തുടര്‍ നടപടി സ്വീകരിക്കാവൂ എന്നാണ് പുതിയ നിര്‍ദേശം. പ്രതിമാസ തിരിച്ചടവ് അയ്യായിരം രൂപയിലധികമാണെങ്കില്‍ വണ്‍ ടൈം പാസ് വേര്‍ഡ് നല്‍കി പണമിടപാടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു. 

പുതിയ സംവിധാനം 2021 ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.എന്നാല്‍ പല വന്‍കിട ബാങ്കുകളിലും സംവിധാനം സജ്ജമായിട്ടില്ലെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് പ്രീ-ഡെബിറ്റ് അറിയിപ്പ് നല്‍കുന്നതിന് ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ ആര്‍ബിഐ തയ്യാറല്ല. ഈ കാരണത്താലാണ് ഉപഭോക്താക്കളുടെ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പ്രതിമാസ തിരിച്ചടവുകളും മറ്റും തടസപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com