ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 415.84 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം; 28.07 ശതമാനം വര്‍ധന

പ്രമുഖ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സിന്റെ പ്രവര്‍ത്തന ലാഭം ഉയര്‍ന്നു
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടര്‍ പോള്‍ തോമസ്‌
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടര്‍ പോള്‍ തോമസ്‌

കൊച്ചി: പ്രമുഖ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സിന്റെ പ്രവര്‍ത്തന ലാഭം ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 28.07 ശതമാനം വര്‍ധിച്ച് പ്രവര്‍ത്തനലാഭം 415.84 കോടിയായി ഉയര്‍ന്നതായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറിയിച്ചു.

മുന്‍ വര്‍ഷം 324.70 കോടി രൂപയായിരുന്നു ബാങ്കിന്റെ പ്രവര്‍ത്തന ലാഭം.നിക്ഷേപങ്ങളിലും 28.04 ശതമാനം വാര്‍ഷിക വര്‍ധന ഉണ്ടായി. മുന്‍ വര്‍ഷത്തെ 7028 കോടി രൂപയില്‍ നിന്നും ഇത്തവണ നിക്ഷേപം 8999 കോടി രൂപയായി ഉയര്‍ന്നു. കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട് നിക്ഷേപം 81.99 ശതമാനം വര്‍ധിച്ച് മുന്‍ വര്‍ഷത്തെ 960 കോടി രൂപയില്‍ നിന്നും 1784 കോടി ആയി വര്‍ധിച്ചു. റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ പ്രകാരം കരുതല്‍ നീക്കിയിരിപ്പായി 91 കോടി രൂപ മാറ്റിവച്ചതോടെ ബാങ്കിന്റെ വാര്‍ഷിക അറ്റാദായം 105.40 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 190.39 കോടി രൂപയായിരുന്നു.

'മഹാമാരി സൃഷ്ടിച്ച കടുത്ത വെല്ലുവിളികള്‍ക്കിടയിലും പ്രവര്‍ത്തന ലാഭത്തിലും മൊത്തം ബിസിനസിലും ബാങ്കിന് നല്ല പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. ഉപഭോക്താക്കള്‍ ഞങ്ങളിലര്‍പ്പിച്ച ദൃഢവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്തുടനീളം ഇസാഫിന്റെ സാന്നിധ്യം വിപുലപ്പെടുത്തിയതും ഇക്കാലയളവില്‍ കൈവരിച്ച നേട്ടമാണ്. സാമ്പത്തിക വര്‍ഷത്തെ നീക്കിയിരിപ്പ് അനുപാതം വര്‍ധിപ്പിച്ചതാണ് അറ്റാദായത്തിലെ കുറവിന് കാരണമായത്'- ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു.

മൊത്തം വായ്പകള്‍ 27.37 ശതമാനം വര്‍ധിച്ച് 6606 കോടി രൂപയില്‍ നിന്നും 8415 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 25.85 ശതമാനം വര്‍ധിച്ച് 17,425 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 13,846 കോടി രൂപയായിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച  സാമ്പത്തിക വര്‍ഷം ബാങ്ക് 162.59 കോടി രൂപയുടെ മൂലധനം സമാഹരിച്ചു. മൂലധന പര്യാപ്തതാ അനുപാതം 20 ബേസ് പോയിന്റുകള്‍ വര്‍ധിച്ച് 24.23 ശതമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു.

മഹാമാരി കാരണം താഴെ തട്ടിലുണ്ടായ കടുത്ത പ്രതിസന്ധി ധനശേഖരണ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ഇതുമൂലം മൊത്ത നിഷ്‌ക്രിയ ആസ്തി 6.70 ശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്തി 3.88 ശതമാനത്തിലുമെത്തി. ഇന്ത്യയിലുടനീളം 17 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്  സാന്നിധ്യമുണ്ട്. 2020-21 സാമ്പത്തിക വര്‍ഷം മാത്രം രാജ്യത്തുടനീളം 96 പുതിയ ശാഖകള്‍ തുറന്നു. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 43 ലക്ഷത്തോളം ഉപഭോക്താക്കളും, 550 ശാഖകളും 308 ഉപഭോക്തൃ സേവന കേന്ദ്രങ്ങളും രാജ്യത്തുടനീളം ഇസാഫിനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com