പെട്രോളിനു കൂടിയത് 36 രൂപ,  ഡീസലിന് 26! വില കുതിച്ചുകയറിയ 18 മാസങ്ങള്‍; സര്‍ക്കാരിനു കാശു വേണ്ടേയെന്നു മന്ത്രി

ഇന്ധന നികുതി കുറയ്ക്കുന്നതു സ്വന്തം കാലു വെട്ടുന്നതു പോലെയാണെന്നാണ് പുരി പ്രതികരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷം രാജ്യത്ത് പെട്രോള്‍ വിലയിലുണ്ടായ വര്‍ധന ലിറ്ററിന് 36 രൂപ. ഡീസല്‍ വില 26.58 രൂപയാണ് ഈ കാലയളവിനിടെ കൂടിയത്. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോഴാണ്, കഴിഞ്ഞ വര്‍ഷം മെയില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുത്തനെ ഉയര്‍ത്തിയത്. ബാരലിന് 19 ഡോളര്‍ ആയിരുന്നു അന്ന് അസംസ്‌കൃത എണ്ണ വില. ഈ വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്കു കിട്ടുന്നതിന് അന്നത്തെ കേന്ദ്ര നടപടി തടസ്സമായി. നികുതി ഉയര്‍ത്തിയെങ്കിലും റീട്ടെയ്ല്‍ വിലയെ ബാധിക്കുന്നില്ലെന്നായിരുന്നു അന്നു സര്‍ക്കാരിന്റെ വിശദീകരണം.

കോവിഡ് ലോക്ക്ഡൗണില്‍ ഉപഭോഗം കുറഞ്ഞതോടെ താഴ്ന്ന എണ്ണ വില, ലോക സമ്പദ് വ്യവസ്ഥയ്ക്കു ജീവന്‍ വച്ചതോടെ വീണ്ടും ഉയര്‍ന്നു. ഇപ്പോള്‍ അത് ബാരലിന് 85 ഡോളര്‍ കടന്നു. അസംസ്‌കൃത എണ്ണവില തിരിച്ചുകയറിയിട്ടും, നേരത്തെ ഉയര്‍ത്തിയ എക്‌സൈസ് തീരുവ അങ്ങനെ തന്നെ നില്‍ക്കുന്നതിനാല്‍ രാജ്യത്ത് പലയിടത്തും പെട്രോള്‍ വില നൂറിനു മുകളിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ഡീസല്‍ വിലയും നൂറു കടന്നിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമാണ് എക്‌സൈസ് ഡ്യൂട്ടി.

നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്നലെയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധന നികുതി കുറയ്ക്കുന്നതു സ്വന്തം കാലു വെട്ടുന്നതു പോലെയാണെന്നാണ് പുരി പ്രതികരിച്ചത്. കോവിഡ് കാലത്ത് ലക്ഷണക്കിനു പേര്‍ക്കു വാക്‌സിനും ഭക്ഷണവും പാചക വാതകവുമെല്ലാം കൊടുക്കുന്നതിനു പണം കണ്ടെത്തുന്നത് ഇങ്ങനെയാണെന്നാണ് പുരി പറയുന്നത്.

''ഇന്നലെ നമ്മള്‍ നൂറു കോടി ഡോസ് വാക്‌സിന്‍ കൊടുത്തുതീര്‍ത്തു. ഒരു വര്‍ഷമായി 90 കോടി പേര്‍ക്ക് ഭക്ഷണം നല്‍കുന്നു. എട്ടു കോടി പേര്‍ക്ക് സൗജന്യ പാചകവാതകം നല്‍കുന്നു. ലിറ്ററിന് 32 രൂപ വച്ചു പിരിക്കുന്ന എക്‌സൈസ് തീരുവ കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്'' - മന്ത്രി പറഞ്ഞു. 

വില നിയന്ത്രണം നീക്കിയ ശേഷം രാജ്യാന്തര വിപണിക്ക് അനുസരിച്ചാണ് രാജ്യത്തെ ഇന്ധനവിലയെന്ന്  ഹര്‍ദീപ് പുരി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചിത എക്‌സൈസ് തീരുവയാണ് പെട്രോളിനും ഡീസലിനും പിരിക്കുന്നത്. വില കൂടുന്നതിന് അനുസരിച്ച് അതു കൂടില്ല. എന്നാല്‍ സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഓരോ വര്‍ധനയിലും ഉയരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സംസ്ഥാനങ്ങള്‍ എതിര്‍ക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com