ഡിസംബറില്‍ കീശ ചോരുമോ?, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 40 ശതമാനം വരെ വര്‍ധിപ്പിച്ചേക്കും, കാരണമിത്‌

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം ഉയരാന്‍ സാധ്യത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം ഉയരാന്‍ സാധ്യത. ഡിസംബറോടെ ടേം ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം 25 മുതല്‍ 40 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് നിരക്ക് ഉയര്‍ത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നീക്കം ആരംഭിച്ചതെന്നാണ് സൂചന. 

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മുഴുവന്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകളേക്കാള്‍ മുകളിലാണ് നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍. രണ്ടാം കോവിഡ് തരംഗത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കൊടുത്തുതീര്‍ക്കാന്‍ 11,060 കോടി രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെലവഴിച്ചത്. ഒക്ടോബര്‍ 21 വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തില്‍ 1,30,000ല്‍പ്പരം ക്ലെയിമുകളാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തീര്‍പ്പാക്കിയത്.

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍

നഷ്ടസാധ്യത കുറയ്ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ റീഇന്‍ഷുറന്‍സ് കമ്പനികളുമായി ധാരണയില്‍ എത്താറുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ചെലവ് വര്‍ധിച്ചതോടെ, റീഇന്‍ഷുറന്‍സ് കമ്പനികള്‍ 40ശതമാനം വരെ നിരക്ക് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നഷ്ടസാധ്യത കുറയ്ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒരു നിശ്ചിത തുക നല്‍കി റീഇന്‍ഷുര്‍ ചെയ്യുന്നതാണ് പതിവ്. പുതിയ സാഹചര്യത്തില്‍ റീഇന്‍ഷുറന്‍സ് കമ്പനികള്‍ നിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ ആഗോള റീഇന്‍ഷുറന്‍സ് കമ്പനി നിരക്ക് ഉയര്‍ത്തുന്ന കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഇന്‍ഷുറന്‍സ് കമ്പനികളും പ്രീമിയം ഉയര്‍ത്തിയാല്‍ ഡിസംബറോടെ നിരക്ക് ഉയര്‍ന്നേക്കും. റീഇന്‍ഷുറന്‍സ് നിരക്ക് 40 ശതമാനം വര്‍ധിപ്പിച്ചാല്‍ ഇതിന് ആനുപാതികമായി പ്രീമിയം നിരക്കില്‍ 30 ശതമാനത്തിന്റെ വരെ വര്‍ധന വരാമെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com