ജെറ്റ് എയര്‍വെയ്‌സ് രണ്ടാം വരവിന് ഒരുങ്ങുന്നു; അടുത്ത വര്‍ഷം ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിക്കും, വിപുലമായ പദ്ധതി 

നഷ്ടം കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് 2019ലാണ് ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയത്
ജെറ്റ് എയര്‍വെയ്‌സ്, ഫയല്‍/ പിടിഐ
ജെറ്റ് എയര്‍വെയ്‌സ്, ഫയല്‍/ പിടിഐ

ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്നു. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്ത വര്‍ഷം പകുതിയോടെ രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങാനും ആലോചിക്കുന്നതായും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

നഷ്ടം കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് 2019ലാണ് ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയത്. ജെറ്റ് എയര്‍വെയ്‌സിനെ മടക്കിക്കൊണ്ടുവരുന്നതിനുള്ള നവീകരണ പദ്ധതിക്ക് ജൂണിലാണ് നാഷണല്‍ കമ്പനീസ് ലോ ട്രിബ്യൂണല്‍ അനുമതി നല്‍കിയത്. വരും മാസങ്ങളില്‍ കടം കെടുത്തുതീര്‍ക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യം പാദത്തില്‍ ന്യൂഡല്‍ഹി- മുംബൈ റൂട്ടില്‍ വിമാനം പറത്തി ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022 പകുതിയോടെ രാജ്യാന്തര സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി കിട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു. 

മൂന്ന് വര്‍ഷം കൊണ്ട് 50ലധികം വിമാനങ്ങളുള്ള കമ്പനിയായി ജെറ്റ് എയര്‍വെയ്‌സിനെ മാറ്റാനാണ് പദ്ധതി. അഞ്ചുവര്‍ഷം കൊണ്ട് നൂറിലധികം വിമാനങ്ങളുള്ള കമ്പനിയായി ഇതിനെ പരിഷ്‌കരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ജെറ്റ് എയര്‍വെയ്‌സിന്റെ രണ്ടാം വരവില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com