ഓണ്‍ലൈനിലൂടെയുള്ള ഭക്ഷണത്തിന് ചെലവേറുമോ? സ്വിഗ്ഗിയും സൊമാറ്റോയും ജിഎസ്ടി പരിധിയില്‍

വലിയ തോതിലുള്ള നികുതി വെട്ടിപ്പു തടയാന്‍ തീരുമാനത്തിലൂടെ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ആപ്പ് അധിഷ്ഠിത ഭക്ഷണ വിതരണ കമ്പനികളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള തീരുമാനത്തോടെ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് വില കൂടാന്‍ സാധ്യതയേറി. ചുമത്താന്‍ തീരുമാനിച്ചിട്ടുള്ളത് പുതിയ നികുതി അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നിലവില്‍ പല റെസ്റ്ററന്റുകളും നികുതി ഒഴിവാക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നികുതി വിതരണ ശൃംഖലയിലേക്കു മാറുമ്പോള്‍ ഈ അവസ്ഥയ്ക്കു മാറ്റം വരാനാണ് സാധ്യത.

ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളെ നികുതി പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഭക്ഷണം വിതരണം ചെയ്യുന്നിടത്താണ് നികുതി ഈടാക്കേണ്ടത് എന്നാണ് കൗണ്‍സിലിന്റെ തീരുമാനം. അതുകൊണ്ടുതന്നെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികള്‍ക്കാവും നികുതി ഈടാക്കി സര്‍ക്കാരിനു നല്‍കാനുള്ള ചുമതല. നിലവില്‍ ഇത് റസ്റ്ററന്റുകളാണ് ചെയ്യുന്നത്. 

വലിയ തോതിലുള്ള നികുതി വെട്ടിപ്പു തടയാന്‍ തീരുമാനത്തിലൂടെ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണ വിതരണം എന്നത് ഒരു സര്‍വീസ് ആണ്. അതുകൊണ്ടുതന്നെ അതു നികുതി പരിധിയില്‍ വരേണ്ടതാണെന്ന് അവര്‍ പറയുന്നു. 

പല റസ്റ്ററന്റുകളും ജിഎസ്ടി നല്‍കാത്ത സാഹചര്യം നിലവിലുണ്ട്. നികുതി ഉള്‍പ്പെടെയുള്ള തുക ഈടാക്കിയ ശേഷമാണ് ഇവര്‍ ഇത് സര്‍ക്കാരിനു നല്‍കാതിരിക്കുന്നത്. ഇതിനു പുറമേ ചില റസ്റ്ററന്റുകള്‍ രജിസ്റ്റര്‍ ചെയ്യാതെ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍നിന്നുള്ള ഭക്ഷണത്തിന് പുതിയ തീരുമാനം അനുസരിച്ച് കൂടുതല്‍ വില നല്‍കേണ്ടി വരും. രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുകയും നികുതി ഈടാക്കുകയും ചെയ്യുന്ന റസ്റ്ററന്റുകളില്‍നിന്നുള്ള ഭക്ഷണത്തിന്റെ വിലയില്‍ ഉപഭോക്താവിനെ സംബന്ധിച്ച് മാറ്റമൊന്നും ഉണ്ടാവില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com