ഇന്‍കമിംഗിനും ഔട്ട്‌ഗോയിങ്ങിനും അന്ന് മിനിറ്റിന് എട്ടുരൂപ, ഇന്ന് പത്തുപൈസ പോലും ചെലവില്ലാതെ വിളിക്കാം; ടെലികോം വിപ്ലവത്തിന്റെ നാള്‍വഴികള്‍ - വീഡിയോ 

കേരളം സെല്‍ഫോണ്‍ കയ്യിലെടുത്തിട്ട് കാല്‍ നൂറ്റാണ്ടു തികയുന്ന വേളയില്‍ ഇന്ത്യന്‍ മൊബൈല്‍ ടെലികോം സേവന ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
ഇന്‍കമിംഗിനും ഔട്ട്‌ഗോയിങ്ങിനും അന്ന് മിനിറ്റിന് എട്ടുരൂപ, ഇന്ന് പത്തുപൈസ പോലും ചെലവില്ലാതെ വിളിക്കാം; ടെലികോം വിപ്ലവത്തിന്റെ നാള്‍വഴികള്‍ - വീഡിയോ 

ന്‍കമിംഗിനും ഔട്ട്‌ഗോയിങ്ങിനും മിനിറ്റിന് 8 രൂപ 40 പൈസ. പീക്ക് അവറില്‍ 16 രൂപ കൊടുക്കണം. മൊബൈല്‍ ഫോണ്‍ വാങ്ങാനോ, കുറഞ്ഞത് 50000 രൂപയെങ്കിലും കൈയില്‍ വേണം. കാല്‍നൂറ്റാണ്ട് മുന്‍പത്തെ സ്ഥിതിയാണിത്. സമ്പന്നര്‍ക്ക് മാത്രം ചിന്തിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ നിന്നും എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ലഭ്യമാവുന്ന സേവനമായി ടെലികോം മാറിയത് എങ്ങനെയാണ്? കേരളം സെല്‍ഫോണ്‍ കയ്യിലെടുത്തിട്ട് കാല്‍ നൂറ്റാണ്ടു തികയുന്ന വേളയില്‍ ഇന്ത്യന്‍ മൊബൈല്‍ ടെലികോം സേവന ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

പിട്രോഡ കൊണ്ടുവന്ന വിപ്ലവം

1850ല്‍ ബ്രീട്ടീഷ് ഭരണക്കാലത്ത് കൊല്‍ക്കത്തയെ ഡയമണ്ട് ഹാര്‍ബറുമായി ബന്ധിപ്പിച്ചു കൊണ്ട് സ്ഥാപിച്ച ആദ്യ ടെലിഗ്രാഫ് ലൈനിലൂടെയാണ് രാജ്യത്ത് ടെലിഫോണ്‍ സേവനത്തിനു തുടക്കമായത്. മുപ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഓറിയന്റല്‍ ടെലിഫോണ്‍ കമ്പനിയും ആംഗ്ലോ ഇന്ത്യന്‍ ടെലിഫോണ്‍ കമ്പനിയും ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടി. അന്ന് എല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അനുമതി നിഷേധിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റം വന്നു. കല്‍ക്കത്ത, ബോംബ, മദ്രാസ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിക്കാന്‍ ഓറിയന്റല്‍ ടെലിഫോണ്‍ കമ്പനിക്ക് അനുമതി നല്‍കി. ഇതാണ് ടെലികോം രംഗത്ത് പിന്നീടുള്ള വളര്‍ച്ചയ്ക്ക് പ്രേരണയായത്.

1947ല്‍ ജബല്‍പൂരിലെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചു. 1981ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് തന്നെ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ഉദാരവത്ക്കരണ നയങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും ഇതിന്റെ വിളവെടുപ്പ് നടന്നത് 1990കളുടെ തുടക്കത്തിലാണ്. ലോകക്രമത്തിലുണ്ടായ മാറ്റങ്ങളാണ് ഇന്ത്യയിലും പ്രതിഫലിച്ചത്.  ഇന്ദിരാഗാന്ധിയുടെ കാലത്ത് 50 ലക്ഷം ലൈന്‍ സ്ഥാപിക്കാന്‍ ഫ്രാന്‍സിന്റെ അല്‍ക്കാടെലും പൊതുമേഖല സ്ഥാപനമായ ഐടിഐയും കരാര്‍ ഒപ്പിട്ടു. പിന്നീട് പ്രധാനമന്ത്രിയായി വന്ന രാജീവ് ഗാന്ധി അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന സാം പിഡ്രോഡയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതാണ് ടെലികോം മേഖലയുടെ ഭാഗധേയം നിര്‍ണയിച്ചത്.  1985ല്‍ ഇന്ത്യന്‍ പോസ്റ്റ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വേര്‍പ്പെടുത്തി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് രൂപം നല്‍കിയത് ടെലികോം മേഖലയ്ക്ക് സ്വന്തമായ അസ്തിത്വം നല്‍കി. പബ്ലിക് കോള്‍ ഓഫിസുകള്‍ അഥവാ ടെലിഫോണ്‍ ബൂത്തുകള്‍ നാട്ടില്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ടതിന്റെ ക്രെഡിറ്റ് സാം പിട്രോഡയ്ക്കാണ്. 1994ലെ ടെലികോം നയമാണ് എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ഫോണും പരിധിയില്ലാത്ത വിളി എന്ന നിലവിലെ സ്ഥിതിയിലേക്ക് ടെലികോം മേഖലയെ ജനകീയമാക്കിയത്. 

1997ലാണ് ടെലികോം മേഖലയില്‍ നിയന്ത്രണം വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് ട്രായിക്ക് രൂപം നല്‍കിയത്. 2000ല്‍  ഡിപ്പാര്‍ട്ടമെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ സര്‍വീസ് പെതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ആയി മാറി. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ആയ വിഎസ്എന്‍എല്ലിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനമാണ് ടെലികോം മേഖലയിലെ ആദ്യ സ്വകാര്യവത്കരണനീക്കം. ടാറ്റയാണ് വിഎസ്എന്‍എല്‍ സ്വന്തമാക്കിയത്. 

സുഖ്‌റാം ജ്യോതി ബസുവിനെ വിളിച്ചു

1995ല്‍ അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാം ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിനെ വിളിച്ചതോടെയാണ് മൊബൈല്‍ ഫോണ്‍ സേവനത്തിന് തുടക്കമാകുന്നത്. നോക്കിയ ഫോണിലൂടെയായിരുന്നു ആശയവിനിമയം. കേരളത്തില്‍ സേവനം തുടങ്ങാന്‍ വീണ്ടും ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ള, കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക സേനാ മേധാവി എ ആര്‍ ടണ്ഠണുമായി സംസാരിച്ചായിരുന്നു കേരളത്തിലെ തുടക്കം. 

ഹാന്‍ഡ്‌സെറ്റുകളില്‍ നോക്കിയയ്ക്കായിരുന്നു തുടക്കത്തില്‍ ആധിപത്യം. കാല്‍കിലോഗ്രാം ഭാരം വരുന്ന 1610 മോഡല്‍ ഹാന്‍ഡ്‌സെറ്റിലാണ് തുടക്കം. പിന്നീടുവന്ന 3310 എന്ന മോഡല്‍ ഏറെ പ്രചാരമുണ്ടാക്കി. മൊബൈലില്‍ ടോര്‍ച്ച് സൗകര്യമുള്ള 1100 മോഡലാണ് പിന്നീട് വന്നത്. മോട്ടറോളയായിരുന്നു നോക്കിയയുടെ പ്രധാന എതിരാളി. സോണി എറിക്‌സണ്‍, അല്‍ക്കാടെല്‍, സീമെന്‍സ് തുടങ്ങിയ ഹാന്‍ഡ് സെറ്റുകള്‍കൂടി വിപണിയിലെത്തിയെങ്കിലും നോക്കിയയുടെ ആധിപത്യം തുടര്‍ന്നു. 2002ലെ പുതിയ ടെലികോം നയമാണ് മേഖലയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കിയത്. ടെലികോം ഉപയോക്താക്കളില്‍ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ ചുവടുവെയ്ക്കുന്നതാണ് പിന്നീട് കണ്ടത്. ടെലികോം സേവനത്തിന്റെ അനുബന്ധമായി ഇന്റര്‍നെറ്റും രാജ്യത്ത് അതിവേഗം ജനകീയമായി. ഇന്ന് ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 2015ലെ കണക്കനുസരിച്ച് ഇന്ത്യന്‍ ജിഡിപിയുടെ 6.5 ശതമാനമാണ് ടെലികോം മേഖലയുടെ സംഭാവന. 22 ലക്ഷം പേരാണ് നേരിട്ട് ജോലി ചെയ്യുന്നത്. ടെലികോം സേവനരംഗത്ത് മുകേഷ് അംബാനിയുടെ ജിയോയാണ് മുന്‍പില്‍. 41 കോടി ജനങ്ങളാണ് ജിയോ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നത്. എയര്‍ടെലും വോഡഫോണ്‍ഐഡിയയുമാണ് തൊട്ടുപിന്നില്‍.

2011ല്‍ ടാറ്റ ഡോക്കോമോ സെക്കന്‍ഡ് ക്രമത്തില്‍ നിരക്ക് ഈടാക്കാന്‍ തുടങ്ങിയത് വിപ്ലവമുണ്ടാക്കി. ഡോക്കോമോയിലേക്ക് ഉപയോക്താക്കളുടെ വലിയ ഒഴുക്കാണ് ദൃശ്യമായത്. ഇതോടെ എല്ലാ കമ്പനികളും സെക്കന്‍ഡ് പള്‍സ് നിരക്കിലേക്ക് മാറി. പ്രീപെയ്ഡ് കണക്ഷനുകള്‍ കൂടുതല്‍ ജനപ്രിയമായത് അന്ന്് മുതലാണ്.

2016ലാണ്  രാജ്യത്ത് 4ജി തുടങ്ങിയതോടെ വിപണി പിടിക്കാന്‍ ജിയോ ഒരു കൊല്ലത്തെ ഡേറ്റ സൗജന്യമായി പ്രഖ്യാപിച്ചു. മത്സരം കടുത്തതോടെ  മറ്റു കമ്പനികള്‍ക്കും സമാനമായ ഓഫറുകളുമായി രംഗത്തുവരേണ്ടി വന്നു. വോയ്‌സ് കോളിനും എസ്.എം.എസിനും വലിയ വരുമാനം ഉണ്ടാക്കാനാവില്ലെന്ന് കമ്പനികള്‍ തിരിച്ചറിഞ്ഞു. ഇവ രണ്ടും അണ്‍ലിമിറ്റഡ് ആക്കിയുള്ള താരിഫുകളുടെ വരവായിരുന്നു പിന്നീട്. 

ലയനം, സര്‍വത്ര ലയനം

2004 ല്‍ എസ്‌കോട്ടെല്ലിനെ ഐഡിയ വാങ്ങി.2006ല്‍ ബിപിഎലിനെ ഹച്ച് ഏറ്റെടുത്തു. 2007ല്‍ ഹച്ച് വൊഡാഫോണിന്റെ ഭാഗമായി. 2017ല്‍ ഐഡിയയും വോഡാഫോണും ഒന്നായതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായി മാറി. നഷ്ടം നികത്തുന്നതിന്റെ ഭാഗമായിരുന്നു തുടര്‍ച്ചയായുള്ള ഏറ്റെടുക്കലുകള്‍.

2017ലാണ് ടെലിനോര്‍ എയര്‍ടെലില്‍ ലയിച്ചത്. 2019ല്‍ ടാറ്റ ഡോക്കോമോ എയര്‍ടെലില്‍ ലയിക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. തുടക്കത്തില്‍ 500 രൂപയ്ക്ക് ഫോണുമായി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നഷ്ടം പെരുകിയതിനെ തുടര്‍ന്ന് 2017ല്‍ സേവനം അവസാനിപ്പിച്ചു. 2018ല്‍ എയര്‍സെല്‍ ഗുജറാത്ത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തി. 

മൊബൈല്‍ ഫോണ്‍ വിപണി

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിനാണ് പ്രിയം.ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവുമായി ആപ്പിളും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.  ചൈനീസ് കമ്പനിയായ ഷവോമിയാണ് ഇന്ന് ഏറ്റവും ജനപ്രിയം. 28 ശതമാനമാണ് വിപണി വിഹിതം.  സാംസങ്, വിവോ, റിയല്‍മീ, ഓപ്പോ എന്നിവയാണ് തൊട്ടുപിന്നില്‍. കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ജിയോ. എല്ലാ അത്യാധുനിക സൗകര്യങ്ങളോട് കൂടി പുറത്തുവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചലനം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ജിയോ. ഇതിലൂടെ മൊബൈല്‍ ഫോണ്‍ വിപണിയും തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാമെന്നാണ് ജിയോയുടെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com