ഇപിഎഫ് അക്കൗണ്ടുമായി പാന്‍ ബന്ധിപ്പിച്ചോ?, ഇരട്ടി ടിഡിഎസ്; റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പ്രതിദിനം 200 രൂപ പിഴ, അറിയേണ്ടതെല്ലാം 

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി 'പാന്‍' ബന്ധിപ്പിക്കാത്തവര്‍ക്ക് ഇരട്ടി ടിഡിഎസ്
ഇപിഎഫ്ഒ, ഫയല്‍ ചിത്രം
ഇപിഎഫ്ഒ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി 'പാന്‍' ബന്ധിപ്പിക്കാത്തവര്‍ക്ക് ഇരട്ടി ടിഡിഎസ്. പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലധികം രൂപ ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷപിക്കുന്നവര്‍ പലിശ വരുമാനത്തിന്റെ 20% ടിഡിഎസ് (സ്രോതസ്സില്‍നിന്ന് ഈടാക്കുന്ന ആദായനികുതി) നല്‍കണമെന്ന് ഇപിഎഫ്ഒ അറിയിച്ചു.

പാന്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ 10% ടിഡിഎസ് ആകും ഈടാക്കുക. ടിഡിഎസ് ഈടാക്കിയാലും ഇല്ലെങ്കിലും പലിശവരുമാനം നികുതിദായകരുടെ മൊത്തം വരുമാനത്തില്‍ ചേര്‍ത്താകും അന്തിമ ആദായനികുതി കണക്കാക്കുക. 2.5 ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവര്‍ക്കു നികുതി ഏര്‍പ്പെടുത്തുമെന്നു കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണു പ്രഖ്യാപിച്ചത്. ഈ മാസം 6ന് ഇപിഎഫ്ഒ ഇറക്കിയ മാര്‍ഗരേഖയിലാണു പുതിയ നിര്‍ദേശങ്ങളുള്ളത്. 

തൊഴില്‍ദാതാവിന്റെ വിഹിതമുള്ളവര്‍ക്ക് ( സ്വകാര്യമേഖല) പ്രതിവര്‍ഷം 2.5 ലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്കു നികുതി ചുമത്തും. തൊഴില്‍ദാതാവിന്റെ വിഹിതമില്ലെങ്കില്‍ (സര്‍ക്കാര്‍ മേഖല) 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ പലിശയ്ക്കാണു നികുതി. വിദേശത്തായിട്ടും ഇന്ത്യയില്‍ സജീവമായ ഇപിഎഫ് അക്കൗണ്ട് ഉള്ളവരില്‍നിന്ന് 30% ആയിരിക്കും ടിഡിഎസ് ഈടാക്കുക.

തൊഴില്‍ദാതാവിന്റെ വിഹിതമുള്ളവരാണെങ്കില്‍ ഒരു വര്‍ഷം അക്കൗണ്ടിലെത്തുന്ന 2.5 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടിലായിരിക്കും കണക്കാക്കുക. ഇതിന്റെ പലിശയ്ക്കു നികുതി ബാധകമല്ല. ആ വര്‍ഷം അധികമായെത്തുന്ന തുക പ്രധാന പിഎഫ് അക്കൗണ്ടിനു കീഴില്‍ രണ്ടാമതൊരു അക്കൗണ്ട് സൃഷ്ടിച്ച് അതിലേക്കു മാറ്റി നികുതി കണക്കാക്കും.

നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ടിഡിഎസ് റിട്ടേണ്‍ ജൂലൈ 31നകം ഫയല്‍ ചെയ്യണം. രണ്ടാമത്തെ പാദത്തിന്റേത് ഒക്ടോബര്‍ 31നകവും ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലേത് ജനുവരി 31നകവും അവസാന പാദത്തിലേത് മെയ് 31നകവും ഫയല്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ടിഡിഎസ് റിട്ടേണ്‍ സമര്‍പ്പിച്ചില്ലായെങ്കില്‍ പ്രതിദിനം 200 രൂപ പിഴയായി ഈടാക്കും. 

 ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com