നിങ്ങള്‍ അസംഘടിത തൊഴിലാളിയാണോ?; സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ഇ-ശ്രം രജിസ്‌ട്രേഷന്‍, അറിയേണ്ടതെല്ലാം 

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇ ശ്രം യോജന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇ ശ്രം യോജന. ഇന്ത്യയിലുടനീളം നിരവധി തൊഴിലാളികള്‍ക്കാണ് ഈ പദ്ധതി പ്രകാരം ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. 

ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് തൊഴിലാളികള്‍ ഇ- ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. തൊഴിലാളികള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

16 നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇതില്‍ ചേരാന്‍ സാധിക്കുക. രജിസ്‌ട്രേഷന് ശേഷം 12 അക്ക നമ്പര്‍ ലഭിക്കും. യുഎഎന്‍ എന്ന പേരിലുള്ള നമ്പര്‍ ഉപയോഗിച്ചാണ് തിരിച്ചറിയുന്നത്. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍, സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ് രജിസ്‌ട്രേഷന് ആവശ്യമായ രേഖകള്‍.

ഇ-ശ്രം കാര്‍ഡിനായി അപേക്ഷിക്കേണ്ടത് എങ്ങനെ? 

ലേബര്‍ പോര്‍ട്ടലായ eshram.gov.in സന്ദര്‍ശിച്ച്, രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ഫോം ലഭിക്കും.

തുടര്‍ന്ന് ആധാര്‍ കാര്‍ഡ് നമ്പറും, മൊബൈല്‍ നമ്പറും നല്‍കണം.

ഇപിഎഫ്ഒയിലെയും, ഇഎസ്‌ഐസിയുടെയും അംഗമാണെങ്കില്‍ അതിന്റെ വിവരങ്ങളും നല്‍കണം

പ്രിവ്യൂ പരിശോധിച്ച് വിവരങ്ങള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് ഉറപ്പാക്കണം

അപ്പോള്‍  ഫോണിലേക്ക് ഒരു ഒടിപി നമ്പര്‍ ലഭിക്കും. ആ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.

ഇതിന് ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

വിവരങ്ങള്‍ക്കൊപ്പം  ആവശ്യമായ രേഖകളും നല്‍കണം. അപ്പോള്‍  ഇ-ശ്രം കാര്‍ഡ് ലഭിക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം? 

ഇ-ശ്രം കാര്‍ഡിന് ആര്‍ക്കൊക്കെ അപേക്ഷിക്കാം എന്നതിനെ കുറിച്ചും സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കിയിട്ടുണ്ട്. നിര്‍മ്മാണ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, പോര്‍ട്ടര്‍മാര്‍, റിക്ഷാ ഡ്രൈവര്‍മാര്‍, ബ്യൂട്ടി പാര്‍ലര്‍ തൊഴിലാളികള്‍, തൂപ്പുകാര്‍, ഗാര്‍ഡുകള്‍, ബാര്‍ബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍ തുടങ്ങി അസംഘടിത തൊഴിലാളി വിഭാഗത്തില്‍ വരുന്ന എല്ലാവര്‍ക്കും ഇ-ശ്രം കാര്‍ഡിനായി അപേക്ഷ നല്‍കാം. 

പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജനയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് രണ്ടുലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് ആനുകൂല്യങ്ങളില്‍ ഒന്ന്. അസംഘടിത തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇ-ശ്രം കാര്‍ഡ് ആവിഷ്‌കരിച്ചത്. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് ഇത് നിയന്ത്രിക്കുന്നത്. പോര്‍ട്ടല്‍ വഴി തൊഴിലാളികള്‍ക്ക് നേരിട്ടാണ് ആനുകൂല്യം കൈമാറുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com