സിൽവർ ലൈൻ ഇടംപിടിക്കുമോ? കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2022 09:29 AM |
Last Updated: 01st February 2022 09:29 AM | A+A A- |

ചിത്രം: എഎൻഐ
കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ തുടർച്ചയായി നാലാം ബജറ്റ് അവതരണത്തിന് ഒരുങ്ങുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. മറ്റ് സംസ്ഥാനങ്ങളിലെ അതിവേഗ പദ്ധതികൾ പരിഗണിക്കുമ്പോൾ കേന്ദ്രത്തിന് കെ റെയിലിനെ തഴയാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞ ദിവസം പ്രതികരിച്ചു.
ബജറ്റിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിൻറെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. സിൽവർലൈനിന് കേന്ദ്രത്തിൻറെ അനുമതി, സാമ്പത്തിക സഹായം എന്നിവ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ ഓഹരിയായി 2150 കോടി രൂപയും റെയിൽവേയുടെ കൈവശമുള്ള 975 കോടി രൂപ വിലമതിക്കുന്ന ഭുമിയുമാണ് ആവശ്യം.
ഇന്ന് രാവിലെ 11മണിക്കാണ് ബജറ്റ് അവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാൻ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ഘടനാപരമായ പരിഷ്കാരങ്ങൾ തുടങ്ങിയവയുണ്ടാകുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു.