റഷ്യയിൽ വിതരണം നിർത്തി സാംസങ്; യുക്രെയ്ന് 46 കോടിയോളം രൂപയുടെ സഹായം 

ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിർത്തിവെക്കാൻ കമ്പനി തീരുമാനിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലോകത്തിലെ പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ സാംസങ് റഷ്യയിൽ വിതരണം നിർത്തിവെച്ചു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടർന്നാണ് ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിർത്തിവെക്കാൻ കമ്പനി തീരുമാനിച്ചത്. സാഹചര്യങ്ങൾ നിരീക്ഷിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. 

റഷ്യയിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള സ്മാർട്ട് ഫോൺ ബ്രാൻഡാണ് സാംസങ്. കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ഉൾപ്പെടെ 60 ലക്ഷം ഡോളറിന്‍റെ സഹായം കമ്പനി യുക്രെയ്ന് വാ​ഗ്ദാനം ചെയ്തിട്ടുമുണ്ട്. 

നേരത്തെ ആപ്പിൾ തങ്ങളുടെ എല്ലാ ഉത്പന്നങ്ങളുടെയും വില്‍പന റഷ്യയില്‍ നിര്‍ത്തിവെച്ചിരുന്നു. റഷ്യന്‍ വെബ്‌സൈറ്റില്‍ ആപ്പിളിന്റെ ഉത്പന്നങ്ങൾ 'ലഭ്യമല്ല' എന്നാണ് കാണിക്കുന്നത്. വില്‍പന നിര്‍ത്തിവെച്ചത് കൂടാതെ ആപ്പിള്‍ പേ നിയന്ത്രിക്കുകയും, ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്‌നിക്, ആര്‍ടി ഉള്‍പ്പടെയുള്ള റഷ്യന്‍ ആപ്പുകള്‍ പിന്‍വലിക്കുകയും ചെയ്തതായി കമ്പനി പറഞ്ഞു. 

ഗൂഗിള്‍ മാപ്പില്‍ നിന്ന് ട്രാഫിക് ഡാറ്റ ഒഴിവാക്കാനുള്ള ഗൂഗിളിന്റെ തീരുമാനത്തിന് സമാനമായി ആപ്പിളും ട്രാഫിക് വിവരങ്ങള്‍ മാപ്പില്‍ നിന്നും പിന്‍വലിച്ചു. മൈക്രോസോഫ്റ്റ് അവരുടെ ഉൽപന്നങ്ങളുടെ വിൽപനയും സർവിസും റഷ്യയിൽ നിർത്തിവെച്ചിരുന്നു. ലോകത്തിലെ പ്രമുഖ കാർ നിർമാതാക്കൾ ഉൾപ്പെടെ നിരവധി കമ്പനികളാണ് റഷ്യയിൽ വിൽപന നിർത്തിവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com