അനാകോണ്ടയും വാസുകിയും പാളത്തില്‍; നീളം മൂന്നര കിലോമീറ്റര്‍!; പുതിയ പാത തെളിച്ച് റെയില്‍വേ 

സൂപ്പര്‍ വാസുകിയാണ് ഈ ശ്രേണിയിലെ പുതിയ വണ്ടി. മൂന്നര കിലോമീറ്ററാണ് നീളം
കിലോമീറ്ററുകള്‍ നീളമുള്ള ചരക്കു തീവണ്ടി/എക്‌സ്പ്രസ്‌
കിലോമീറ്ററുകള്‍ നീളമുള്ള ചരക്കു തീവണ്ടി/എക്‌സ്പ്രസ്‌

റായ്പുര്‍: അനാകോണ്ട, ശേഷ് നാഗ്, വാസുകി.. ഇന്ത്യന്‍ റെയില്‍വേ ഓടിക്കുന്ന ഭീമന്‍ ചരക്കു തീവണ്ടികളുടെ പേരുകളാണിത്. പേരുകള്‍ സൂചിപ്പിക്കുന്നതു പോലെ തന്നെ വലിപ്പമേറിയതാണ് ഓരോ ട്രെയിനും - രണ്ടും മൂന്നും കിലോമീറ്ററിലേറെ നീളം!

ചരക്കു നീക്കം വലിയ അളവിലും വേഗത്തിലും ആക്കാന്‍ തെക്കു കിഴക്കന്‍ മധ്യ റെയില്‍വേ ആണ് നൂതന മാര്‍ഗം ആവിഷ്‌കരിച്ചത്. നാലും അഞ്ചും ചരക്കു തീവണ്ടികള്‍ കൂട്ടിയോജിപ്പിച്ച് ഒറ്റ തീവണ്ടിയായി ഓടിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. കല്‍ക്കരി പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ ഇത് ഏറെ സഹായകമായി.

2019 മെയിലാണ്, ആദ്യമായി ഇത്തരത്തില്‍ കൂറ്റന്‍ ചരക്കു വണ്ടി ഓടിച്ചത്. മൂന്നു ചരക്കു വണ്ടികള്‍ യോജിപ്പിച്ചായിരുന്നു, അത്. രണ്ടു കിലോമീറ്ററിലേറെ നീളമുള്ള വണ്ടിയില്‍ 177 വാഗണുകളാണ് ഉണ്ടായിരുന്നത്. അനാകോണ്ട എന്നായിരുന്നു അതിനു പേര്. ഡിസ്ട്രിബ്യൂട്ടഡ് പവര്‍ കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ചായിരുന്നു ഇതിനെ പ്രവര്‍ത്തിപ്പിച്ചത്. മുന്‍പിലേയും പിന്നിലെയും എന്‍ജിനുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ചാണ് വണ്ടി ഓടിക്കുക.

പിന്നീട് ഓടിച്ച വാസുകിയില്‍ 237 വാഗണുകളാണ് ഉണ്ടായിരുന്നത്. ശേഷ് നാഗ്, സൂപ്പര്‍ ശേഷ് നാഗ് എന്നിവയില്‍ 251 വാഗണുകളും. കോര്‍ബയ്ക്കും ബിലാസ്പുരിനും ഇടയിലായിരുന്നു പ്രധാനമായും യാത്ര.

സൂപ്പര്‍ വാസുകിയാണ് ഈ ശ്രേണിയിലെ പുതിയ വണ്ടി. മൂന്നര കിലോമീറ്ററാണ് നീളം. ആസാദി കി അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു ഇതിന്റെ കന്നി യാത്ര. കുത്തനെയുള്ള പാതയും വളവും എല്ലാം വെല്ലുവിളി ഉയര്‍ത്തിയെങ്കിലും സുഗമമായി ലക്ഷ്യത്തില്‍ എത്താന്‍ സൂപ്പര്‍ വാസുകിക്കു കഴിഞ്ഞെന്ന് തെക്കു കിഴക്കന്‍ മധ്യ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ സാകേത് രഞ്ജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com