ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ച് ഇന്‍ഫെനോക്സ് ടെക്നോളജീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2023 05:38 PM  |  

Last Updated: 16th March 2023 05:38 PM  |   A+A-   |  

INFENOX

ഇന്‍ഫെനോക്സ് ടെക്നോളജീസ് പുതിയ ഓഫീസ് ഉദ്ഘാടനം

 

കൊച്ചി: പ്രമുഖ നോര്‍ത്ത് അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓര്‍ഗനൈസേഷനായ ഇന്‍ഫെനോക്സ് ടെക്നോളജീസ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്‍ഫെനോക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ആശംസകളും അദ്ദേഹം അറിയിച്ചു. യുഎസിലും കാനഡയിലും സൗത്ത് അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന ഇന്‍ഫെനോക്സ് ടെക്നോളജീസ് കാനഡിയിലെ ടൊറന്റോ ആസ്ഥാനമാക്കി അതിവേഗം വളരുന്ന ഐടി സേവന ദാതാക്കളില്‍ ഒന്നാണ്. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, ക്ലൗഡ് കംപ്യൂട്ടിങ്ങ്, ഓമ്‌നിചാനല്‍ കൊമേഴ്സ്, ഐ ടി സോഫ്റ്റ്വെയര്‍ വികസനം തുടങ്ങിയ മേഖലകളിലാണ് ഇന്‍ഫെനോക്സ് ടെക്നോളജീസിന്റെ പ്രവര്‍ത്തനം.

ഇന്‍ഫോപാര്‍ക്ക് ഫെയ്സ് 2 ജ്യോതിര്‍മയയില്‍ പുതുതായി ആരംഭിച്ച ഓഫീസ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും സഹകാരികള്‍ക്കും വിപുലമായ സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കും.

ക്ലയന്റുകളുടെ സ്ട്രാറ്റജിക് പാര്‍ട്ണര്‍ ആകുന്നതിനുള്ള കാഴ്ച്ചപ്പാടോടെ അവരുടെ വിജയത്തിനും ബിസിനസ് വളര്‍ച്ചയ്ക്കും സംഭാവന നല്‍കാന്‍ പ്രതിജ്ഞാബദ്ധമായാണ് ഇന്‍ഫെനോക്സ് പ്രവര്‍ത്തിക്കുന്നതെന്ന് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ജോണ്‍ ജോസഫ് പറഞ്ഞു. ആഗോള തലത്തിലുള്ള ബിസിനസ് വളര്‍ച്ചയില്‍ പ്രൊഫഷണലും കാര്യക്ഷമവുമായി സഹായിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറാക്കിള്‍ കൊമേഴ്സ് ക്ലൗഡ്, സെയ്ല്‍സ് ഫോഴ്സ് കൊമേഴ്സ് ക്ലൗഡ്, എസ് എ പി ഹൈബ്രിസ്, മൈക്രോസോഫ്റ്റ് അഷുര്‍, ആമസോണ്‍ വെബ് സര്‍വീസ് തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ വിദഗ്ധരെ കൊണ്ടുവരാന്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്‍ഫെനോക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കമ്പനി നൂറിലധികം തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്ന് ഇന്‍ഫെനോക്സ് ടെക്നോളജീസ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടറും സിഇഒയുമായ അജിത് കുമാര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്ലയന്റുകളുമായി കാര്യക്ഷമമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന മുതിര്‍ന്ന സാങ്കേതിക വിദഗ്ധരെയും ഇന്‍ഡസ്ട്രിയിലെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരെയും നിയമിക്കാനും ഇന്‍ഫെനോക്സ് ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഉല്‍പ്പന്നം മോശമാണോ?, എളുപ്പം വാട്സ് ആപ്പ് വഴി പരാതി നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ