യുഎസ് ബാങ്കിങ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല: ആര്‍ബിഐ ഗവര്‍ണര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th March 2023 10:42 AM |
Last Updated: 18th March 2023 10:42 AM | A+A A- |

കെപി ഹോര്‍മിസ് അനുസ്മരണ പരിപാടിയില്‍ ശക്തികാന്ത ദാസ് സംസാരിക്കുന്ന
കൊച്ചി: യുഎസ് ബാങ്കിങ് രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഫെഡറല്‍ ബാങ്ക് സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ഥം കൊച്ചിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിങ് മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ ബാങ്കിങ് രംഗത്തെ നിയന്ത്രണങ്ങളുടേയും മേല്‍നോട്ടത്തിന്റേയും പ്രാധാന്യമാണ് ഉയര്‍ത്തിക്കാട്ടുന്നത്. ആസ്തിയും ബാധ്യതയും വിവേകപൂര്‍വം കൈകാര്യം ചെയ്യുക, കരുത്തുറ്റ റിസ്‌ക് മാനേജ്‌മെന്റ്, ബാധ്യതകളിലും ആസ്തികളിലും സുസ്ഥിരമായ വളര്‍ച്ച, കാലാനുസൃത പരിശോധന, അപ്രതീക്ഷിത പ്രത്യാഘാതങ്ങളെ നേരിടാന്‍ ആവശ്യമായ മൂലധനം കരുതുക എന്നിവയുടെ പ്രധാന്യം യുഎസ് പ്രതിസന്ധി വ്യക്തമാക്കുന്നു- അദ്ദേഹം പറഞ്ഞു.
കൊവിഡ്19 പ്രതിസന്ധി്ക്കു പുറമെ യുക്രൈനിലെ യുദ്ധവും ലോകമെമ്പാടും കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങളും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഒന്നിലധികം ആഘാതങ്ങളുണ്ടാക്കിയെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായി തുടരുകയും അതിവേഗം വളരുന്ന ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യയുടെ ജി20 അധ്യക്ഷപദവി പ്രബലരായ ജി 20 രാജ്യങ്ങളുമായി നമ്മുടെ അറിവും അനുഭവവും പങ്കുവെക്കാന്‍ വേദിയൊരുക്കുമെന്നും ഇത് ആഗോള സമ്പദ് വ്യവസ്ഥയുടെ തിളക്കമാര്‍ന്ന ഭാവി എന്ന പൊതുലക്ഷ്യത്തിലേക്കുള്ള സഹകരണത്തിന് സാധ്യത തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ പ്രവര്‍ത്തനത്തില്‍ ജി20 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ട്രാക്ക് റെക്കോര്‍ഡ് ഇന്ത്യയ്ക്കുണ്ടെന്നതും ആഗോളതലത്തില്‍ മികച്ച പ്രകടനം നടത്തുന്ന അഞ്ചാമത്തെ രാജ്യമാണെന്നതും ശ്രദ്ധേയമാണ്. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ നിലനില്‍ക്കുമെന്നതിനാല്‍, നമ്മുടെ ഊര്‍ജ ആവശ്യങ്ങളും ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ ശേഷിയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നതിനാണ് നമ്മുടെ മുന്‍ഗണന അദ്ദേഹം പറഞ്ഞു.
ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖര്‍ സ്വാഗതവും ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മാസം 20 ഡോളര്‍, ചാറ്റ് ജിപിടി പ്ലസ് ഇന്ത്യയിലും; വരിക്കാര്‍ക്ക് കൂടുതല്‍ സേവനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ