ഏഴുവര്‍ഷം കൊണ്ട് രണ്ടുലക്ഷം കോടി ഡോളര്‍ കയറ്റുമതി ലക്ഷ്യം; കൂടുതല്‍ ഇളവുകളുമായി വിദേശ വ്യാപാര നയം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 03:18 PM  |  

Last Updated: 31st March 2023 03:18 PM  |   A+A-   |  

foreign trade policy

കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ വിദേശ വ്യാപാര നയം 2023 പ്രകാശനം ചെയ്യുന്നു, പിടിഐ

 

ന്യൂഡല്‍ഹി: 2030 ഓടേ ഇന്ത്യയുടെ കയറ്റുമതി രണ്ടുലക്ഷം കോടി ഡോളറായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിദേശ വ്യാപാര നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്‍സെന്റീവുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഇളവുകളും അര്‍ഹതയെ അടിസ്ഥാനമാക്കി മറ്റു ആനുകൂല്യങ്ങളും നല്‍കി കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും എന്നതാണ് പുതിയ നയം പറഞ്ഞുവെയ്ക്കുന്നത്. 

2030 ഓടേ, ഇ- കോമേഴ്‌സ് കയറ്റുമതി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഏഴുവര്‍ഷം കൊണ്ട് 30,000 കോടി ഡോളറായി ഇ-കോമേഴ്‌സ് കയറ്റുമതി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.അഞ്ചുവര്‍ഷം കൂടുമ്പോള്‍ വിദേശ വ്യാപാര നയം പ്രഖ്യാപിക്കുന്നതാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായി ആവശ്യം വരുന്ന ഘട്ടത്തിലെല്ലാം പുതിയ പരിഷ്‌കാരം കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലാണ് വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ ആണ് ഇത് പ്രകാശനം ചെയ്തത്. ഏപ്രില്‍ ഒന്നിന് പുതിയ നയം പ്രാബല്യത്തില്‍ വരും.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതി 76000- 77000 കോടി ഡോളറില്‍ എത്തുമെന്ന് ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 67600 കോടി ഡോളറായിരുന്നു. കയറ്റുമതി രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച നാലു നഗരങ്ങളെ കൂടി കണ്ടെത്തി. ഫരീദാബാദ്, മൊറാദാബാദ്, മിര്‍സാപൂര്‍, വാരാണസി എന്നിവയാണ് നാലുനഗരങ്ങള്‍. നിലവിലെ ടൗണ്‍ ഓഫ് എക്‌സ്‌പോര്‍ട്ട് എക്‌സലന്‍സ് പട്ടികയിലുള്ള 39 നഗരങ്ങള്‍ക്ക് പുറമേയാണ് ഈ നഗരങ്ങള്‍ കൂടി ഇടംപിടിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വര്‍ണ വില കൂടി, വീണ്ടും 44,000ല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ