ഓപ്പണ്‍ എഐ പുറത്താക്കിയ സാം ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റിലേക്ക്; പുതിയ ടീം പ്രഖ്യാപിച്ച് സത്യ നദെല്ല

By സമകാലിക മലയാളം ഡെസ്ക്       |   Published: 20th November 2023 02:48 PM  |  

Last Updated: 20th November 2023 03:14 PM  |   A+A-   |  

sam altman

സാം ആള്‍ട്ട്മാന്‍/ട്വിറ്റര്‍

 

ന്യൂയോര്‍ക്ക്: ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയ സാം ആള്‍ട്ട്മാന്‍ പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റിലേക്ക്. നിര്‍മ്മിതബുദ്ധി രംഗത്ത് പ്രവര്‍ത്തിക്കുന്ന പുതിയ സംഘത്തെ നയിക്കുക എന്ന ദൗത്യമാണ് സാം ആള്‍ട്ട്മാന് നല്‍കുക എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

ആള്‍ട്ട്മാന് പുറമേ ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാനും ഓപ്പണ്‍ എഐയിലെ മുന്‍ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് സംഘം. കമ്പനിയുടെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സംഘത്തിന് ഇവര്‍ നേതൃത്വം നല്‍കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല അറിയിച്ചു.

'അവരുടെ വിജയത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇടക്കാല സിഇഒ എംമെറ്റ് ഷിയര്‍ ഉള്‍പ്പെടെയുള്ള ഓപ്പണ്‍ എഐയുടെ പുതിയ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു. ഓപ്പൺ എഐയുമായുള്ള പങ്കാളിത്തം തുടരും. ഇതിനായി 1300 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.'- സത്യ നദെല്ല എക്‌സില്‍ കുറിച്ചു.

 

ഓപ്പണ്‍ ആള്‍ട്ട്മാനെ ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിക്കും വിധം കമ്പനിക്കുള്ളില്‍ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.ഡയറക്ടര്‍ ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ അദ്ദേഹം സ്ഥിരത പുലര്‍ത്തുന്നില്ലെന്നും ബോര്‍ഡിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവിനെ തടസപ്പെടുത്തുന്നുവെന്നുമാണ് പുറത്താക്കലിലേക്ക് നയിച്ച കാരണങ്ങളിലൊന്നായി ഓപ്പണ്‍ എഐ പറയുന്നത്. ഓപ്പണ്‍എഐയെ തുടര്‍ന്ന് നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ ബോര്‍ഡിന് ഇനി വിശ്വാസമില്ലെന്നും കമ്പനി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇനി എഐ ചാറ്റ് ബോട്ടുമായി സംസാരിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ