ന്യൂഡല്‍ഹി: അടുത്തിടെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും എയര്‍ടെലും വൊഡഫോണ്‍ ഐഡിയയും താരിഫ് നിരക്ക് ഉയര്‍ത്തിയതോടെ നിരവധിപ്പേര്‍ പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്തതായി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചെലവ് കുറഞ്ഞ ജനകീയ പ്ലാനുകള്‍ അവതരിപ്പിക്കുന്ന ബിഎസ്എന്‍എല്‍ ഫോര്‍ജി, ഫൈവ് ജി നെറ്റ് വര്‍ക്ക് വിപുലീകരണത്തിന്റെ പാതയിലാണ്. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ബിഎസ്എന്‍എല്‍.
200 എംപി കാമറയോട് കൂടിയ ഫൈവ് ജി സ്മാര്‍ട്ട് ഫോണ്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കാന്‍ പോകുന്നു എന്ന തരത്തിലാണ് പ്രചാരണം. കരുത്തുറ്റ 7000എംഎഎച്ച് ബാറ്ററിയുള്ള ഫോണാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. ടാറ്റ കമ്പനിയുമായി ചേര്‍ന്നാണ് ഹൈ- എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കാന്‍ പോകുന്നതെന്നാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം. പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ദൃശ്യങ്ങള്‍ വരെ വ്യാപകമാണ് പ്രചരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ബിഎസ്എന്‍എല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് ബിഎസ്എന്‍എല്‍ എക്‌സില്‍ കുറിച്ചു. ഇത്തരം വ്യാജ വാര്‍ത്തകളില്‍ വീഴരുത്. ഇത്തരത്തില്‍ ഫൈവ് ജി ഫോണ്‍ അവതരിപ്പിക്കാന്‍ കമ്പനിക്ക് ഇതുവരെ ഒരു പദ്ധതിയുമില്ല. സാമ്പത്തിക തട്ടിപ്പിനുള്ള ഇത്തരം ശ്രമങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ മുന്നറിയിപ്പ് നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ