ന്യൂഡല്‍ഹി: പാസ്വേഡുകള്‍ പോലെയുള്ള ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ എച്ച് ഡിഎംഐ കേബിളുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്തിടെ ഉറുഗ്വേയിലെ യൂണിവേഴ്സിഡാഡ് ഡി ലാ റിപ്പബ്ലിക്കയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് സുരക്ഷാഭീഷണി ചൂണ്ടിക്കാണിച്ചത്.
എച്ച്ഡിഎംഐ കണക്ഷനുകളില്‍ നിന്നുള്ള ഇലക്ട്രോ മാഗ്‌നറ്റിക് എമിഷനുകളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഡീകോഡ് ചെയ്ത് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ദൃശ്യമായത് അതേപ്പടി പുനര്‍നിര്‍മ്മിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയാണ് മുന്നറിയിപ്പില്‍ പറയുന്നത്. എച്ച്ഡിഎംഐ കേബിളുകള്‍ പുറപ്പെടുവിക്കുന്ന ഇലക്ട്രോ മാഗ്‌നറ്റിക് എമിഷനുകളെ റേഡിയോ ഉപകരണങ്ങള്‍ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഒരു കമ്പ്യൂട്ടര്‍ ഡിസ്പ്ലേയില്‍ നിന്ന് 70% വരെ കൃത്യതയോടെ ടെക്സ്റ്റും ചിത്രങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പാസ്വേഡുകള്‍, സ്വകാര്യ വിവരങ്ങള്‍ എന്നിവ പോലും സൈബര്‍ ക്രിമിനലുകള്‍ക്ക് മനസ്സിലാക്കാന്‍ ഇതുവഴി സാധിച്ചേക്കാം. ദശലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ അപകടത്തിലാക്കാന്‍ എഐ ദുരുപയോഗം ചെയ്തുള്ള തട്ടിപ്പിലൂടെ സാധിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അത്തരമൊരു ആക്രമണം നടത്തുന്നതിന് കാര്യമായ സാങ്കേതിക വൈദഗ്ധ്യവും പ്രത്യേക ഉപകരണങ്ങളും ആവശ്യമാണ്. ശരാശരി ഗാര്‍ഹിക ഉപയോക്താക്കളെ ലക്ഷ്യമിടാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. എന്നിരുന്നാലും, സര്‍ക്കാര്‍ ഏജന്‍സികളും വലിയ കമ്പനികളും ഇത്തരം അത്യാധുനിക സൈബര്‍ ആക്രമണങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രധാനപ്പെട്ട ഡിജിറ്റല്‍ വിവരങ്ങള്‍ കൈകാര്യ ചെയ്യുമ്പോള്‍ ചുറ്റുപാടുകളെ കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ് ഇത് തടയാനുള്ള ഒരു പോംവഴിയെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് ജനാലകള്‍ക്ക് സമീപമോ പൊതു ഇടങ്ങളിലോ ഇരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. എച്ച്ഡിഎംഐ വഴി ബന്ധിപ്പിച്ചിട്ടുള്ള ബാഹ്യ മോണിറ്ററുകളില്‍ പാസ്വേഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുന്നതും അപകടസാധ്യത ലഘൂകരിക്കാന്‍ സഹായിച്ചേക്കാമെന്നും വിദഗധര്‍ അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ