ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ലിഥിയം ഖനികള്‍ ഛത്തീസ്ഗഡിലെ കട്‌ഘോരയില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സാമ്പിള്‍ പഠനത്തിലും പര്യവേക്ഷണത്തിലും ഗണ്യമായ ലിഥിയം ശേഖരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഛത്തീസ്ഗഡിലെ കട്‌ഘോര പ്രദേശത്ത് ആദ്യത്തെ ലിഥിയം ഖനികളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നത്. ഇലക്ട്രിക് വാഹന മേഖല വളരുന്നതിന് ഇത് സഹായകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ദേശീയ മിനറല്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റിന്റെ ആറാമത് ഭരണസമിതി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ആരോഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാളാണ് ഇക്കാര്യം അറിയിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് വേണ്ടിയാണ് ജയ്‌സ്വാള്‍ ഫോറത്തില്‍ പങ്കെടുത്തത്. കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നതും അവയുടെ വിനിയോഗവും പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചര്‍ച്ച ചെയ്തു.
കട്‌ഘോരയിലെ 250 ഹെക്ടറില്‍ വലിയ ലിഥിയം ശേഖരം ഉണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേയുടെ സ്ഥിരീകരണം. ഏകദേശം 250 ഹെക്ടര്‍ പ്രദേശത്ത് ജിഎസ്‌ഐ നടത്തിയ പ്രാഥമിക സര്‍വേയില്‍, ഏകദേശം 10 പിപിഎം മുതല്‍ 2000 പിപിഎം വരെ (പാര്‍ട്ട്‌സ് പേര്‍ മില്യണ്‍) ലിഥിയം ഉണ്ടെന്നാണ് കണ്ടെത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
'രാജ്യത്ത് ഉടന്‍ പ്രവര്‍ത്തനക്ഷമമാകുന്ന ആദ്യത്തെ ലിഥിയം ഖനിയാണിത്. ഇത് പുതിയ വളര്‍ച്ചയിലേക്ക് മുന്നേറാന്‍ സംസ്ഥാനത്തെയും രാജ്യത്തെയും സഹായിക്കും. ഖനനമേഖലയിലെ മുന്‍നിര സംസ്ഥാനമായ ഛത്തീസ്ഗഢ് വികസിത ഇന്ത്യയ്ക്കായി വലിയ തോതിലാണ് സംഭാവന നല്‍കുന്നത്'- ശ്യാം ബിഹാരി ജയ്സ്വാള്‍ പറഞ്ഞു, കല്‍ക്കരി, ജലം തുടങ്ങിയവയാല്‍ സമ്പുഷ്ടമായ കോര്‍ബയിലെ കട്‌ഘോര ബ്ലോക്ക് ലിഥിയം ഖനനത്തിന് ഉടന്‍ സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡ്, ബീഹാര്‍, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഒഡിഷ, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ തന്ത്രപരമായ ധാതുക്കള്‍ അടങ്ങിയ 20 ബ്ലോക്കുകള്‍ ഇ-ലേലത്തിലൂടെ അനുവദിക്കുന്നതിന് മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡ് കോര്‍പ്പറേഷന്‍ പോര്‍ട്ടലില്‍ ഖനി മന്ത്രാലയം നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ ആദ്യ ലിഥിയം ലേലം കൊല്‍ക്കത്ത ആസ്ഥാനമായുള്ള മൈകി സൗത്ത് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി.കശ്മീരിലെ റിയാസിയില്‍ ലിഥിയം ബ്ലോക്കിനായി നടന്ന ലേലത്തില്‍ പങ്കെടുക്കാന്‍ പതീക്ഷിച്ച താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഇതോടെ കട്‌ഘോര ഉയര്‍ന്നുവരികയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ