ന്യൂഡല്‍ഹി: രാജ്യത്തെ ആഡംബര കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ആഡംബര കാര്‍ വില്‍പ്പന റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് മുന്നേറുന്നത്.
ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി, ഇന്ത്യയില്‍ വില്‍ക്കാനായി നീക്കിവെച്ചിരുന്ന മുഴുവന്‍ യൂണിറ്റുകളും ഇതിനോടകം തന്നെ വിറ്റഴിച്ചു. അതായത് പുതിയ ഓര്‍ഡര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ 2026 വരെ കാത്തിരിക്കണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇന്ത്യയില്‍ ലംബോര്‍ഗിനിയുടെ നിരയില്‍ ഹുറാകാന്‍, ഉറുസ്, റെവല്‍റ്റോ എന്നി മോഡലുകള്‍ ഉള്‍പ്പെടുന്നു. വില 5 കോടി മുതല്‍ 10 കോടി രൂപ വരെ.
സമാനമായി ഫെരാരി, മക്ലാരന്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നിവയ്ക്കും ഇന്ത്യന്‍ വിപണിയില്‍ ശക്തമായ ഡിമാന്‍ഡ് ഉണ്ട്. AMG G 63, RS Q8 എന്നി മെഴ്സിഡസ് ബെന്‍സ്, ഔഡി ഹൈ-എന്‍ഡ് മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഓര്‍ഡര്‍ നല്‍കി ഒരു വര്‍ഷം വരെ കാത്തിരുന്നാലാണ് വാഹനം ലഭിക്കുക. വില 2.5 കോടി മുതല്‍ 4.55 കോടി രൂപ വരെയാണ്.
സൂപ്പര്‍ ലക്ഷ്വറി വിഭാഗത്തില്‍, 2023ല്‍ വില്‍പ്പന ഇരട്ടിയായി. 1,000 യൂണിറ്റായാണ് ഉയര്‍ന്നത്. ഈ വര്‍ഷത്തെ കണക്കുകള്‍ 1,200 നും 1,300 നും ഇടയില്‍ എത്തുമെന്ന് വ്യവസായ വിദഗ്ധര്‍ പ്രവചിക്കുന്നു. 2023ലെ 13,263ല്‍ നിന്ന് 2028 ആകുമ്പോഴേക്കും 3 കോടി ഡോളറിലധികം ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണം 19,908 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിസമ്പന്നരായ വ്യക്തികള്‍ക്കായി അതിവേഗം വളരുന്ന വിപണികളിലൊന്നായി ഇന്ത്യ ഉയര്‍ന്നുവരികയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഇന്ത്യയിലെ ആഡംബര മേഖല മറ്റ് പ്രധാന വിപണികളില്‍ കാണുന്ന നിലവാരത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും വിപുലീകരണത്തിന് കാര്യമായ സാധ്യതയുണ്ടെന്നുമാണ് വിപണി വിദഗ്ധര്‍ പറയുന്നത്. 2023ല്‍ ലംബോര്‍ഗിനി ഇന്ത്യയില്‍ 103 വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ