ന്യൂഡല്‍ഹി: 13 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ ഭക്ഷ്യ ശൃംഖലാ സ്ഥാപനമായ ബര്‍ഗര്‍ കിങിനെ മുട്ടുകുത്തിച്ച് മഹാരാഷ്ട്രയിലെ പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്റൊറന്റ്. ട്രേഡ് മാര്‍ക്ക് ലംഘനം ആരോപിച്ച് ബര്‍ഗര്‍ കിങ് ഇന്ത്യന്‍ റസ്‌റ്റൊറന്റിനെതിരെ നല്‍കിയ ഹര്‍ജി പുനെ ജില്ലാ കോടതി തള്ളി.
'ബര്‍ഗര്‍ കിങ്' എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് റസ്‌റ്റൊറന്റിനെ തടയണമെന്നാവശ്യപ്പെട്ടാണ് അമേരിക്കന്‍ കമ്പനി കേസ് നല്‍കിയത്. എന്നാല്‍ അമേരിക്കന്‍ ഭക്ഷ്യശൃംഖല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ 1991-92 കാലഘട്ടം മുതല്‍ 'ബര്‍ഗര്‍ കിങ്' എന്ന പേരില്‍ റസ്റ്റൊറന്റ് പ്രവര്‍ത്തിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയാണ് കോടതി അനുകൂലമായ വിധി പ്രസ്താവിച്ചത്.
അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ബര്‍ഗര്‍ കിങ് റെസ്റ്റോറന്റ് 2014 നവംബര്‍ 9 ന് ന്യൂഡല്‍ഹിയിലാണ് തുറന്നതെന്നും കോടതി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2011ലാണ് ബര്‍ഗര്‍ കിങ് കോര്‍പ്പറേഷന്‍ പൂനെയിലെ റെസ്റ്റൊറന്റ് ഉടമകളായ അനാഹിതയ്ക്കും ഷാപൂര്‍ ഇറാനിക്കുമെതിരേ കേസ് ഫയല്‍ ചെയ്തത്. പൂനെയിലെ റെസ്റ്റൊറന്റ് 'ബര്‍ഗര്‍ കിങ്' എന്ന പേര് ഉപയോഗിക്കുന്നത് തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രശസ്തിക്ക് പരിഹരിക്കാനാകാത്ത ദോഷം വരുത്തുന്നുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. 20 ലക്ഷം രൂപയാണ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
എന്നാല്‍ കേസ് ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും ചില്ലറ വ്യാപാരികളെ നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്നുമായിരുന്നു റെസ്റ്റൊറന്റ് ഉടമകളുടെ വാദം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ