ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ പേടിഎമ്മിന്റെ സിനിമ, ഇവന്റ്‌സ് ടിക്കറ്റിങ് ബിസിനസ് ഏറ്റെടുക്കുമെന്ന് അറിയിച്ച് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ഫുഡ് ഡെലിവറിയില്‍ മാത്രം ഒതുങ്ങാതെ, വൈവിധ്യവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 2048 കോടി രൂപ ചെലവഴിച്ച് പേടിഎമ്മിന്റെ സിനിമ, ഇവന്റ്‌സ് ടിക്കറ്റിങ് ബിസിനസ് ഏറ്റെടുക്കാനാണ് സൊമാറ്റോ തീരുമാനിച്ചത്.
നിലവില്‍ റിലയന്‍സ് പിന്തുണയുള്ള ബുക്ക്‌മൈഷോയ്ക്കാണ് മേഖലയില്‍ ആധിപത്യം. സിനിമ, ഇവന്റ്‌സ് ടിക്കറ്റിങ് ബിസിനസ് രംഗത്തേയ്ക്ക് സൊമാറ്റോ കൂടി കടന്നുവരുന്നതോടെ മത്സരം മുറുകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2017 മുതല്‍ പേടിഎമ്മില്‍ നിന്ന് ബുക്ക്‌മൈഷോ കടുത്ത മത്സരമാണ് നേരിടുന്നത്. സിനിമാ ടിക്കറ്റുകള്‍ വില്‍ക്കുന്നതിനുള്ള 'ടിക്കറ്റ് ന്യൂ' പ്ലാറ്റ്ഫോമും തത്സമയ ഇവന്റുകള്‍ക്കുള്ള ടിക്കറ്റുകള്‍ കൈകാര്യം ചെയ്യുന്ന 'ഇന്‍സൈഡര്‍' പ്ലാറ്റ്ഫോമുമാണ് പേടിഎമ്മില്‍ നിന്ന് സൊമാറ്റോ വാങ്ങുന്നത്. 2017നും 2018നും ഇടയിലാണ് ഈ രണ്ടു പ്ലാറ്റ്‌ഫോമുകള്‍ പേടിഎം സ്വന്തമാക്കിയത്.
ബാങ്കിങ് പ്രവര്‍ത്തനം വിലക്കി കൊണ്ടുള്ള ആര്‍ബിഐയുടെ ഉത്തരവിനെ തുടര്‍ന്ന് പേടിഎം ഇപ്പോള്‍ അതിന്റെ കോര്‍ ബിസിനസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പണമിടപാടുകളിലും സാമ്പത്തിക സേവന പ്രവര്‍ത്തനങ്ങളിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ബിസിനസുകള്‍ ഒഴിവാക്കാന്‍ പേടിഎം തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം നോണ്‍-കോര്‍ ബിസിനസുകള്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സൊമാറ്റോ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ