ന്യൂയോര്‍ക്ക്: സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രമുഖ ടെക് കമ്പനി ആപ്പിളിന്റെ പുതിയ സീരീസ് ഐഫോണുകള്‍ സെപ്റ്റംബര്‍ 9ന് അവതരിപ്പിക്കും. സെപ്റ്റംബര്‍ 9 ന് കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ പുതിയ സീരീസ് ഐഫോണുകള്‍ക്ക് പുറമേ മറ്റു ഉപകരണങ്ങളിലേക്കും ആപ്പുകളിലേക്കുമുള്ള അപ്‌ഡേറ്റുകളും ലോഞ്ച് ചെയ്‌തേക്കും.
ആഗോള വില്‍പന മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനെ ഏങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ആപ്പിള്‍. അതുകൊണ്ട് തന്നെ പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ച് ആപ്പിളിനെ സംബന്ധിച്ച് നിര്‍ണായകമാണ്. പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട റോഡ്മാപ്പും പരിപാടിയില്‍ ആപ്പിള്‍ അവതരിപ്പിച്ചേക്കും.
ജൂണില്‍ നടന്ന ഡെവലപ്പര്‍മാരുടെ കോണ്‍ഫറന്‍സില്‍, 'ആപ്പിള്‍ ഇന്റലിജന്‍സ്' എന്ന കുടക്കീഴില്‍ നവീകരിച്ച സിരിയും ചാറ്റ് ജിപിടിയുമായുള്ള സംയോജനവും അടക്കം നിരവധി എഐ ഫീച്ചറുകള്‍ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു.ഈ സവിശേഷതകള്‍ ഏറ്റവും പുതിയ ആപ്പിള്‍ ഉപകരണങ്ങളില്‍ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എഐ സാങ്കേതികവിദ്യ അടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച സാംസങ്, ആല്‍ഫാബെറ്റിന്റെ ഗൂഗിള്‍ തുടങ്ങിയ എതിരാളികളില്‍ നിന്ന് ആപ്പിള്‍ വലിയ തോതില്‍ സമ്മര്‍ദ്ദം തുടരുന്നുണ്ട്. പുതിയ ഗാലക്സി, പിക്സല്‍ സ്മാര്‍ട്ട്ഫോണുകളിലാണ് എഐ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആപ്പിളിന്റെ പരിപാടി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കമ്പനി സാധാരണയായി പുതിയ ഐഫോണുകളും വാച്ചുകളും വര്‍ഷംതോറും നടക്കുന്ന ഇവന്റില്‍ പ്രഖ്യാപിക്കാറുണ്ട്. സമീപ കാലങ്ങളില്‍ പുതിയ മോഡലുകളില്‍ കാര്യമായ അപ്ഗ്രേഡുകളുടെ അഭാവവും കുറഞ്ഞ വിലയില്‍ ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ മത്സരവും കാരണം ഐഫോണ്‍ വില്‍പ്പന മന്ദഗതിയിലായിട്ടുണ്ട്.
ഏറ്റവും പുതിയ സീരീസായ ഐഫോണ്‍ 15ന്റെ പിന്തുണയില്‍ മൂന്നാം പാദ വില്‍പ്പന പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് ആപ്പിള്‍ പറഞ്ഞു. ചൈനയിലെ മൊത്തത്തിലുള്ള വില്‍പ്പന പ്രതീക്ഷിച്ചതിലും 6.5% കുറഞ്ഞു. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ സമ്മര്‍ദ്ദമാണ് വില്‍പ്പന കുറയാന്‍ കാരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ