ന്യൂഡല്‍ഹി: 1000 കോടി ഡോളറിന്റെ ലയനവുമായി ബന്ധപ്പെട്ട് സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും സോണി പിക്ചേഴ്സ് നെറ്റ് വർക്ക്സ് ഇന്ത്യയും തമ്മില്‍ ആറുമാസം നീണ്ടുനിന്ന തര്‍ക്കത്തിന് പരിഹാരമായി. തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചതായും പരസ്പരമുള്ള എല്ലാ ക്ലെയിമുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായും ഇരുകമ്പനികളും അറിയിച്ചു. ഇതിനെ തുടര്‍ന്ന് സീ എന്റര്‍ടെയിന്‍മെന്റ് ഓഹരി ഇന്ന് 15 ശതമാനം കുതിച്ചു.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അനുസരിച്ച് സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും കള്‍വര്‍ മാക്‌സ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും പരസ്പരമുള്ള എല്ലാ ക്ലെയിമുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചു.സോണിയുടെ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് കള്‍വര്‍ മാക്‌സ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററില്‍ നടന്നുകൊണ്ടിരിക്കുന്ന ആര്‍ബിട്രേഷന്‍ നടപടികളും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലും മറ്റ് ഫോറങ്ങളിലും ആരംഭിച്ച എല്ലാ നിയമ നടപടികളും പിന്‍വലിക്കാന്‍ ഇരുകമ്പനികളും തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ നിന്ന് നിയമ നടപടികള്‍ പിന്‍വലിക്കുന്ന കാര്യം ബന്ധപ്പെട്ട റെഗുലേറ്ററി അധികാരികളെ അറിയിക്കുകയും ചെയ്യും. പുതിയ ലക്ഷ്യത്തോടെ ഭാവി വളര്‍ച്ചാ അവസരങ്ങള്‍ സ്വതന്ത്രമായി പിന്തുടരുന്നതിനും വികസിച്ചുകൊണ്ടിരിക്കുന്ന വിനോദ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി കമ്പനികള്‍ തമ്മിലുള്ള പരസ്പര ധാരണയില്‍ നിന്നാണ് ഈ ഒത്തുതീര്‍പ്പ് ഉടലെടുത്തതെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
നേരത്ത കരാറില്‍ നിന്ന് സോണി പിന്മാറിയതിന് പിന്നാലെ സീയും സോണിയും നഷ്ടപരിഹാരമായി ഏകദേശം 748 രൂപയാണ് ആവശ്യപ്പെട്ടത്. കരാര്‍ അവസാനിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം ആര്‍ബിട്രേഷന്‍ നടപടികളുമായി സോണി സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിനെ സമീപിച്ചു. ലയന വ്യവസ്ഥകള്‍ സീ പാലിച്ചില്ലെന്ന് കാണിച്ചാണ് സോണി ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. കൂടാതെ നഷ്ടപരിഹാരമായി 748 കോടി രൂപയും സോണി ആവശ്യപ്പെട്ടു.
എന്നാല്‍ സോണി ഗ്രൂപ്പിന് അനുകൂലമായി സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററില്‍ നിന്ന്്ഉടന്‍ തന്നെ തീരുമാനം ഉണ്ടായില്ല. അതിനിടെ നിര്‍ദിഷ്ട ലയനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സീ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുകയും പിന്നീട് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നീട് 2024 മെയ് 23ന് ഒരു കത്ത് നല്‍കി സീ ലയനകരാര്‍ അവസാനിപ്പിച്ചു. കൂടാതെ സീ 748 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുകയും ചെയ്തു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം, ഇരുകമ്പനികള്‍ക്കും പരസ്പരം ബാധ്യതകള്‍ ഒന്നും ഉണ്ടാവില്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ