ന്യൂഡല്‍ഹി: ഇനി സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഗൂഗിള്‍ പേ അടക്കമുള്ള യുപിഐ ആപ്പുകള്‍ വഴി പണമിടപാട് നടത്താം. യുപിഐ സര്‍ക്കിള്‍ എന്ന പുതിയ സേവനം നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇന്നലെ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ അവതരിപ്പിച്ചു. ഒരാള്‍ക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക, മറ്റൊരാള്‍ക്ക് യുപിഐ വഴി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക. രക്ഷിതാക്കളുടെ അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിലെ യുപിഐ ആപ്പ് വഴി കുട്ടികള്‍ക്ക് പണമിടപാട് നടത്താന്‍ സാധിക്കും.
എത്ര തുക വരെ മറ്റൊരാള്‍ക്ക് ഉപയോഗിക്കാമെന്ന് നിശ്ചയിക്കാന്‍ സാധിക്കും. അതുവഴി ദുരുപയോഗവും തടയാം. ഉടന്‍ തന്നെ യുപിഐ സര്‍ക്കിള്‍ സേവനം വിവിധ യുപിഐ ആപ്പുകളില്‍ ലഭ്യമായി തുടങ്ങും.
യുപിഐ സര്‍ക്കിള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
ഉദാഹരണത്തിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മകനെയോ മകളെയോ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ യുപിഐ സര്‍ക്കിളില്‍ ബന്ധിപ്പിക്കാം. യുപിഐ സര്‍ക്കിള്‍ ഓപ്ഷന്‍ വഴിയാണ് അക്കൗണ്ടുകള്‍ തമ്മില്‍ ബന്ധിപ്പിക്കേണ്ടത്. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ആണെങ്കിലും സ്വന്തം ഫോണിലെ യുപിഐ ആപ്പ് ഉപയോഗിച്ച് മക്കള്‍ക്ക് പണമിടപാട് നടത്താം. പണമിടപാടുമായി ബന്ധപ്പെട്ട് രണ്ട് രീതികള്‍ ഉണ്ടായിരിക്കും. ഫുള്‍ ഡെലിഗേഷന്‍, പാര്‍ഷ്യല്‍ ഡെലിഗേഷന്‍ എന്നിവയാണ് ആ രണ്ടു രീതികള്‍. പാര്‍ഷ്യല്‍ എങ്കില്‍ മക്കള്‍ നടത്തുന്ന ഓരോ പണമിടപാടും നോക്കി മാതാപിതാക്കള്‍ അംഗീകാരം നല്‍കണം. ഉദാഹരണത്തിന് മകനോ മകളോ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയ കണക്കില്‍ യുപിഐ വഴി 300 രൂപ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് സ്വന്തം ഫോണില്‍ പേയ്‌മെന്റ് റിക്വസ്റ്റ് ലഭിക്കും. രക്ഷിതാക്കള്‍ പിന്‍ ടൈപ്പ് ചെയ്താല്‍ മാത്രമേ ഇടപാട് നടക്കൂ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫുള്‍ ഡെലിഗേഷനില്‍ ഓരോ ഇടപാടിനും രക്ഷിതാക്കള്‍ അംഗീകാരം നല്‍കേണ്ടതില്ല. പകരം ഓരോ മാസവും പരമാവധി ചെലവഴിക്കാവുന്ന തുക മുന്‍കൂട്ടി നിശ്ചയിക്കാം. നടത്തുന്ന ഇടപാടുകളുടെ വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് ഉടന്‍ തന്നെ ലഭിക്കും. തുടക്കത്തില്‍ പ്രതിമാസം 15000 രൂപ വരെ പരിധി വെയ്ക്കാം. ഒരു ഇടപാടിന് 5000 രൂപയായിരിക്കും പരിധി. ബന്ധുക്കള്‍ക്ക് പുറമേ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, അടക്കം ആരെയും ഇത്തരത്തില്‍ ഒരാളുടെ യുപിഐ സര്‍ക്കിളുമായി ബന്ധിപ്പിക്കാം. ഒരേ സമയം അഞ്ചുപേരെ ഇത്തരത്തില്‍ ചേര്‍ക്കാവുന്നതുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ