ന്യൂഡല്‍ഹി: എയര്‍ഇന്ത്യ- വിസ്താര ലയനത്തിന്റെ ഭാഗമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ, എയര്‍ഇന്ത്യ ഇടംപിടിക്കാന്‍ പോകുന്നത് ലോകത്തെ വലിയ എയര്‍ലൈന്‍ ഗ്രൂപ്പുകളുടെ പട്ടികയില്‍. ലയന നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് എയര്‍ഇന്ത്യയില്‍ 25.1 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാവും. 2022ലാണ് ലയനം സംബന്ധിച്ച പ്രഖ്യാപനം ആദ്യം നടത്തിയത്. വിസ്താരയില്‍ എയര്‍ഇന്ത്യയുടെ ഉടമയായ ടാറ്റ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ശേഷിക്കുന്നത് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈയിലാണ്.
ലയന നടപടികളുടെ തുടര്‍ച്ചയെന്നോണം നവംബര്‍ 12 മുതലുള്ള യാത്രയ്ക്കായി വിസ്താരയില്‍ ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താന്‍ കഴിയില്ലെന്ന് ടാറ്റ എസ്‌ഐഎ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. നവംബര്‍ 11 വരെ പതിവുപോലെ ബുക്കിങും വിമാന സര്‍വീസും തുടരുമെന്നും വിസ്താര അറിയിച്ചു. നവംബർ 12 മുതല്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡില്‍ ആയിരിക്കും സര്‍വീസ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എല്ലാ വിസ്താര വിമാനങ്ങളും ഇനി എയർഇന്ത്യയാണ് കൈകാര്യം ചെയ്യുക. വിസ്താര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള ബുക്കിങ് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. ലയന നടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ, വിസ്താരയും എയര്‍ ഇന്ത്യയും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമായ പിന്തുണയും പതിവായി ആശയവിനിമയവും നടത്തുമെന്നും കമ്പനി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ