ന്യൂയോര്‍ക്ക്: യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചു. 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.25 ശതമാനം മുതല്‍ 4.50 ശതമാനം വരെയുള്ള പരിധിയിലായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. എന്നാല്‍ പ്രതീക്ഷിച്ച വെട്ടിക്കുറയ്ക്കല്‍ ഉണ്ടാവാതിരുന്നത് അമേരിക്കന്‍ ഓഹരി വിപണിയെ ബാധിച്ചു. നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണിയും ഇന്ത്യന്‍ ഓഹരി വിപണിയും നഷ്ടത്തിലാണ്.
2025ല്‍ രണ്ടു തവണ കൂടി പലിശനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രബാങ്കിന്റെ വിലയിരുത്തല്‍. 2025 അവസാനത്തോടെ 3.75 ശതമാനം മുതല്‍ നാലുശതമാനം വരെയുള്ള പരിധിയിലേക്ക് പലിശനിരക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം പണപ്പെരുപ്പനിരക്ക് ആശങ്കയായി തുടരുന്നതായി യുഎസ് ഫെഡറല്‍ റിസര്‍വ് അറിയിച്ചു. 2025ല്‍ പണപ്പെരുപ്പനിരക്ക് 2.5 ശതമാനമായിരിക്കും. സെപ്റ്റംബറില്‍ 2.1 ശതമാനമായിരുന്നു.
പണപ്പെരുപ്പനിരക്ക് രണ്ടുശതമാനത്തില്‍ എത്തിക്കുക എന്നതാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യം. പണപ്പെരുപ്പനിരക്ക് രണ്ടുശതമാനത്തിന് മുകളില്‍ നില്‍ക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമല്ലെന്നും കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പനിരക്ക് ഗണ്യമായി കുറഞ്ഞുവെങ്കിലും ദീര്‍ഘകാല ലക്ഷ്യമായ രണ്ട് ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതായി കേന്ദ്രബാങ്ക് അധ്യക്ഷന്‍ ജെറോം പവല്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക