മുംബൈ: ഓഹരി വിപണിയിലെ ഇടിവ് തുടരുന്നു. വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഇന്നും ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 79,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. ആഴ്ചകള്‍ക്ക് മുന്‍പ് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് പത്തു ശതമാനത്തിന്റെ ഇടിവാണ് നിഫ്റ്റി നേരിട്ടത്.
ഐടി കമ്പനികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. രണ്ടുശതമാനമാണ് ഇടിഞ്ഞത്. ഇതിന് പുറമേ മറ്റു സെക്ടറുകളും നഷ്ടത്തിലാണ്. ഓഹരി വിപണിയില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍ തുടരുന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി അടുത്ത വര്‍ഷം പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്ന തവണകളുടെ എണ്ണം യുഎസ് ഫെഡറല്‍ റിസര്‍വ് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയെ സ്വാധീനിക്കുന്നത്. മൂന്ന് തവണ പലിശനിരക്ക് കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടു തവണ മാത്രമേ കേന്ദ്രബാങ്ക് പലിശനിരക്ക് വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ടൈറ്റന്‍ കമ്പനി, ഡോ റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക