കപ്പല്‍ കയറി മസാല മരച്ചീനിയും പഴം വറുത്തതും ഉണക്കിയ ചക്കയും; ഇനി ആലങ്ങാട് ശര്‍ക്കരയും തേങ്ങാപ്പാലും, 'സഹകരണരുചി' വിദേശത്ത്

സഹകരണ സംഘങ്ങളില്‍നിന്നുള്ള മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിദേശവിപണിയില്‍ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ കണ്ടെയ്നര്‍ അമേരിക്കയ്ക്ക് പുറപ്പെട്ടു
VALUE ADDED PRODUCTS
മന്ത്രി വി എന്‍ വാസവന്‍ ഫ്‌ലാഗ് ഓഫ് ചെയ്തുഫെയ്സ്ബുക്ക്

കൊച്ചി: സഹകരണ സംഘങ്ങളില്‍നിന്നുള്ള മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിദേശവിപണിയില്‍ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ കണ്ടെയ്നര്‍ അമേരിക്കയ്ക്ക് പുറപ്പെട്ടു. സംസ്ഥാനത്തെ മൂന്ന് സഹകരണ സംഘങ്ങള്‍ക്കുകീഴില്‍ ഉല്‍പ്പാദിപ്പിച്ച 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്നങ്ങളാണ് ചൊവ്വാഴ്ച വല്ലാര്‍പാടത്തുനിന്ന് പുറപ്പെട്ട കണ്ടെയ്നറിലുള്ളത്. സഹകരണമന്ത്രി വി എന്‍ വാസവന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

വാരപ്പെട്ടി സഹകരണ സംഘം ഉല്‍പ്പാദിപ്പിച്ച മസാല മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക, തങ്കമണി സഹകരണ സംഘത്തിന്റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണ സംഘത്തിന്റെ ശീതീകരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി എന്നിവയാണ് ഉല്‍പ്പന്നങ്ങള്‍. നബാര്‍ഡിന്റെ സഹായത്തോടെ കേരള ബാങ്ക് ഒരുശതമാനം പലിശനിരക്കില്‍ നല്‍കുന്ന രണ്ടുകോടി രൂപ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗിച്ചാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ ഇവ ഉല്‍പ്പാദിപ്പിക്കുന്നത്.

തെരഞ്ഞെടുത്ത എല്ലാ സഹകരണ സംഘങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വൈകാതെ വിദേശവിപണിയിലെത്തും. ആലങ്ങാട് ശര്‍ക്കര, ഏറാന്മല സംഘത്തിന്റെ തേങ്ങാപ്പാല്‍, മറയൂര്‍ ശര്‍ക്കര, മാങ്കുളം പാഷന്‍ ഫ്രൂട്ട് ഉല്‍പ്പന്നങ്ങള്‍, അഞ്ചരക്കണ്ടി സംഘത്തിന്റെ തേങ്ങയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ശേഖരിക്കാന്‍ കരാറായിട്ടുണ്ട്. നൂറുശതമാനം ഗുണമേന്മ ഉറപ്പാക്കി വരുംദിവസങ്ങളില്‍ത്തന്നെ ഇവ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ എത്തിക്കും. കോതമംഗലം ആസ്ഥാനമായുള്ള മഠത്തില്‍ എക്സ്പോര്‍ട്ടേഴ്സിനാണ് ഉല്‍പ്പന്നങ്ങള്‍ വിദേശവിപണിയില്‍ എത്തിക്കാനുള്ള ചുമതല.

ഗുണനിലവാരമുള്ള മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതിക്കായി തയ്യാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ മൂന്ന് സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത്. അടുത്ത മാസം മുതല്‍ 30 സഹകരണ സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്.

VALUE ADDED PRODUCTS
കേരള ബാങ്കിന് തിരിച്ചടി, 'സി' ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി; വ്യക്തിഗത വായ്പ 25 ലക്ഷത്തിന് മുകളില്‍ നല്‍കരുതെന്നും നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com