മുംബൈ: രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ രാവിലെ തിരിച്ചുകയറിയ രൂപ വ്യാപാരം അവസാനിച്ചപ്പോള്‍ ആറു പൈസയുടെ നഷ്ടത്തോടെ 84.37 എന്ന നിലയിലേക്കാണ് താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.37 രൂപ നല്‍കണം.
ഓഹരി വിപണിയിലെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ടുദിവസം നേട്ടം ഉണ്ടാക്കിയ ഓഹരി വിപണി ഇന്ന് കനത്ത ഇടിവാണ് നേരിട്ടത്. സെന്‍സെക്‌സ് 800 പോയിന്റ് താഴ്ന്ന് വീണ്ടും 80000ല്‍ താഴെ എത്തി. നിഫ്റ്റിയില്‍ 248 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. ഇരു വിപണികളും ഏകദേശം ഒരു ശതമാനത്തിലേറെയാണ് താഴ്ന്നത്.
ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഓഹരി വിപണിക്ക് പുറമേ അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചു. യുഎസ് കേന്ദ്രബാങ്കിന്റെ പണ വായ്പാ നയ പ്രഖ്യാപനം വരാനിരിക്കുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്ക് കുറയ്ക്കുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ബുധനാഴ്ച രൂപ 20 പൈസയുടെ നഷ്ടമാണ് നേരിട്ടത്.
ഓഹരി വിപണിയില്‍ ഹിന്‍ഡാല്‍കോ, ശ്രീറാം ഫിനാന്‍സ്, ഗ്രാസിം, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ അപ്പോളോ ആശുപത്രി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ലൈഫ്, ടിസിഎസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക