ന്യൂയോര്‍ക്ക്: അമേരിക്കന്‍ കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചു. പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.50 മുതല്‍ 4.75 ശതമാനം വരെയുള്ള പരിധിയില്‍ എത്തി.
വിപണി പ്രതീക്ഷിച്ച പോലെ തന്നെയാണ് കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറച്ചത്. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത്. നേരത്തെ 50 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പലിശനിരക്ക് കുറയ്ക്കുന്നതിന് കേന്ദ്രബാങ്ക് തുടക്കമിട്ടത്.
ഡൊണള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പണവായ്പ നയ അവലോകന യോഗത്തിലാണ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും കുറച്ചത്. തെരഞ്ഞെടുപ്പ് ഒരു വിധത്തിലും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു.
'തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്നതാണ്, എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി ഇത് കുറഞ്ഞിട്ടുണ്ട്. ഒക്ടോബറില്‍ 4.1 ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു. പണപ്പെരുപ്പം ഞങ്ങളുടെ 2 ശതമാനം എന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്ക് വളരെ അടുത്ത് കൊണ്ടിരിക്കുകയാണ്. പക്ഷേ കാതലായ പണപ്പെരുപ്പനിരക്ക് ഒരു പരിധിവരെ ഉയര്‍ന്ന നിലയിലാണ്.'- ജെറോം പവല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നികുതി കുറയ്ക്കുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഇത് നടപ്പാക്കിയാല്‍ വീണ്ടും പണപ്പെരുപ്പനിരക്ക് ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കാരണം നികുതി ഇളവ് നടപ്പാക്കുമ്പോള്‍ വിപണിയില്‍ പണലഭ്യത വര്‍ധിക്കും. ഇത് പണപ്പെരുപ്പനിരക്ക് ഉയരാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക