രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍, ഓഹരി വിപണി മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു
share market trends
സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞുപ്രതീകാത്മക ചിത്രം
Published on
Updated on

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 84.40 രൂപയായി താഴ്ന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ എത്തി. മൂല്യത്തില്‍ ഒരു പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് പുതിയ താഴ്ച കുറിച്ചത്.

ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയെ ബാധിച്ച മറ്റൊരു ഘടകമാണ്. രൂപയെ പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വിറ്റഴിക്കുന്നത് റിസര്‍വ് ബാങ്ക് തുടരുകയാണ്. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ ബാധിച്ചിട്ടുണ്ട്. 70400 കോടി ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് 68200 കോടി ഡോളറായാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം താഴ്ന്നത്.

അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. സെന്‍സെക്‌സ് 500ലധികം പോയിന്റ് ഇടിഞ്ഞ് 78200 പോയിന്റില്‍ താഴെ എത്തി. നിഫ്റ്റി 23,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.

രാജ്യത്ത് പണപ്പെരുപ്പനിരക്ക് വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. പണപ്പെരുപ്പനിരക്ക് 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ്. 6.21 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടേഴ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com