കൊച്ചി: വാഹനവുമായി ബന്ധപ്പെട്ട തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും സമഗ്ര ഇന്‍ഷുറന്‍സും തമ്മിലുള്ള പ്രധാന വ്യത്യാസം വാഗ്ദാനം ചെയ്യുന്ന കവേറജിലാണ്. ഒരു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി മൂന്നാം കക്ഷിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും എതിരെ മാത്രമേ പരിരക്ഷ നല്‍കുകയുള്ളൂ. സമഗ്ര കാര്‍ ഇന്‍ഷുറന്‍സ് ആണ് എടുക്കുന്നതെങ്കില്‍ മൂന്നാം കക്ഷി ബാധ്യതകള്‍ക്ക് അപ്പുറം സ്വന്തം നാശനഷ്ടങ്ങള്‍ കൂടി കവര്‍ ചെയ്യും.
അപകടം, പ്രകൃതിക്ഷോഭം, തീപിടിത്തം അല്ലെങ്കില്‍ മോഷണം തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങളില്‍ മൂന്നാം കക്ഷി ബാധ്യതകള്‍ക്കും നഷ്ടങ്ങള്‍ക്കും പുറമേ സ്വന്തം കാറിന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പോലും സമഗ്ര ഇന്‍ഷുറന്‍സ് കവര്‍ ചെയ്യുന്നു. കൂടാതെ, ആഡ്-ഓണ്‍ കവറുകള്‍ തെരഞ്ഞെടുത്ത് പോളിസി കൂടുതല്‍ ഇഷ്ടാനുസൃതമാക്കാനും ഇതുവഴി സാധിക്കും. ഇതില്‍ പ്രധാനപ്പെട്ട ഒരു ആഡ്- ഓണ്‍ കവര്‍ ആണ് സീറോ ഡിപ്രിസിയേഷന്‍ (തേയ്മാനം) കാര്‍ ഇന്‍ഷുറന്‍സ്.
ഒരു ക്ലെയിം തീര്‍പ്പാക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി കാര്‍ ഭാഗങ്ങളുടെ തേയ്മാനം കണക്കാക്കി നഷ്ടപരിഹാരത്തില്‍ കുറവ് വരുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് ഈ ആഡ്- ഓണ്‍ ഫീച്ചറിന്റെ ഏറ്റവും വലിയ സവിശേഷത.തേയ്മാനം പരിഗണിക്കാത്തതിനാല്‍, ക്ലെയിം തുക കൂടുതലായിരിക്കും. ഇത് അറ്റകുറ്റപ്പണികളുടെ ചെലവ് വഹിക്കാന്‍ സഹായിക്കും.
ഈ ഫീച്ചര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രീമിയം കൂടുതലായി അടയ്‌ക്കേണ്ടി വരും. എന്നാല്‍ ക്ലെയിം സെറ്റില്‍മെന്റ് സമയത്ത് ചെലവുകള്‍ കുറച്ചുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം ലാഭിക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. വാഹനത്തിന്റെ റബ്ബര്‍, ഫൈബര്‍, മെറ്റല്‍ ഘടകങ്ങള്‍ എന്നിവ കൂടി കവര്‍ ചെയ്യുന്ന തരത്തിലാണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ് സ്‌കീമിന് രൂപം നല്‍കിയിരിക്കുന്നത്. സാധാരണഗതിയില്‍ തേയ്മാനം കണക്കാക്കി ഇവയ്ക്ക് ഉണ്ടാവുന്ന നഷ്ടത്തിന് നഷ്ടപരിഹാരം കുറച്ച് നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഈ ആഡ് ഓണ്‍ ഫീച്ചര്‍ തെരഞ്ഞെടുക്കുന്നതോടെ ഫുള്‍ പരിരക്ഷയും ലഭിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക