മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം വീണ്ടും അധികാരത്തില്‍ വന്നതിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ഒരു ഇടവേളയ്ക്ക് ശേഷം ബിഎസ്ഇ സെന്‍സെക്‌സ് 80000 കടന്നും നിഫ്റ്റ് 24000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നുമാണ് കുതിക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സില്‍ മാത്രം 1300 പോയിന്റിന്റെ നേട്ടമാണ് ദൃശ്യമായത്.
ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കഴിയുമെന്ന കണക്കുകൂട്ടലാണ് കഴിഞ്ഞയാഴ്ച വിപണിയെ തുണച്ചത്. ഇന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലമാണ് ഓഹരി വിപണിയെ മുന്നോട്ടു നയിക്കുന്നത്. കൂടാതെ ഏഷ്യന്‍, അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ബാങ്ക്, റിയല്‍റ്റി, ഓട്ടോ അടക്കം എല്ലാം സെക്ടറുകളും നേട്ടത്തിലാണ്. ബാങ്ക് ഓഹരികള്‍ മാത്രം നാലുശതമാനമാണ് കുതിച്ചത്.
സോളാര്‍ കരാര്‍ നേടാന്‍ കൈക്കൂലി നല്‍കി എന്ന കേസില്‍ അമേരിക്കയില്‍ നിയമനപടി നേരിടുന്ന ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് കമ്പനികളും നേട്ടത്തിലാണ്. കഴിഞ്ഞയാഴ്ച അദാനി ഗ്രൂപ്പ് കമ്പനികള്‍ കനത്ത ഇടിവ് നേരിട്ടിരുന്നു. അദാനി ഗ്രൂപ്പിലെ ഫ്‌ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് അടക്കമുള്ള കമ്പനികളാണ് നേട്ടം ഉണ്ടാക്കുന്നത്. ഇതിന് പുറമേ റിലയന്‍സ്, സൊമാറ്റോ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അടക്കമുള്ള ഓഹരികളും നേട്ടത്തിലാണ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നാലുശതമാനമാണ് മുന്നേറിയത്. അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് ഗുണമായത്.
ഓഹരി വിപണിയിലെ മുന്നേറ്റം രൂപയിലും പ്രതിഫലിച്ചു. അഞ്ചുപൈസയുടെ നേട്ടത്തോടെ 84.35 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക