തിരിച്ചുകയറി ഓഹരി വിപണി, റിലയന്‍സിനും എച്ച്ഡിഎഫ്‌സിക്കും ഡിമാന്‍ഡ്; രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ചയിലേക്ക്?
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു പൈസയുടെ നഷ്ടത്തോടെ 84.49 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. 84.50 ആണ് സര്‍വകാല റെക്കോര്‍ഡ് താഴ്ച. ഇത് മറികടന്നും രൂപയുടെ മൂല്യം താഴുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.
ഇന്നലെ ഏഴു പൈസയുടെ നഷ്ടത്തോടെ 84.47 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം അവസാനിച്ചത്. അതേസമയം ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റിന് മുകളിലാണ്. ഇന്നലെ 1190 പോയിന്റ് ഇടിഞ്ഞതോടെ സെന്‍സെക്‌സ് വീണ്ടും 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തിയിരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് ഇന്ന് വിപണി തിരിച്ചുകയറാനുള്ള പ്രധാന കാരണം.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. അതേസമയം പവര്‍ ഗ്രിഡ്, ഐടിസി, ടിസിഎസ്, മാരുതി എന്നിവ നഷ്ടം ഉണ്ടാക്കി. വ്യാഴാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 11,757 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക