ന്യൂഡല്‍ഹി: സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ആധാര്‍ കാര്‍ഡ്, ആദായനികുതി, ടിഡിഎസ്, മ്യൂച്ചല്‍ഫണ്ട്, എല്‍പിജി അടക്കം വിവിധ രംഗങ്ങളിലാണ് മാറ്റം. മാറ്റങ്ങള്‍ ചുവടെ:
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1749 രൂപയായി ഉയര്‍ന്നു.
ഇന്നുമുതല്‍ ആദായനികുതി റിട്ടേണ്‍, പാന്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ആധാര്‍ നമ്പറിന് പകരം ആധാര്‍ എന്‍ റോള്‍മെന്റ് ഐഡി നല്‍കേണ്ടതില്ല. പാന്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി.
ഡെറിവേറ്റീവ് ട്രേഡിങ് വിഭാഗത്തില്‍ വരുന്ന ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍സിന് ഇന്നുമുതല്‍ ഉയര്‍ന്ന നികുതി ബാധകം. ഓപ്ഷന്‍ സെയിലിന് ഈടാക്കുന്ന സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് നിലവിലെ 0.0625 ശതമാനത്തില്‍ നിന്ന് 0.1 ശതമാനമായി വര്‍ധിപ്പിച്ചു. ഫ്യൂച്ചേഴ്‌സ് സെയിലിന്റെ നികുതി 0.0125 ശതമാനത്തില്‍ നിന്ന് 0.02 ശതമാനമായാണ് വര്‍ധിപ്പിച്ചത്.
വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉപയോക്താക്കള്‍ക്ക് ഇന്നുമുതല്‍ എസ്എംഎസുകള്‍ വഴി സുരക്ഷിതമായ ലിങ്കുകള്‍ മാത്രമേ അയയ്ക്കാന്‍ കഴിയൂ. ടെലികോം സേവനദാതാവില്‍ നിന്ന് മുന്‍കൂറായി അംഗീകാരം ലഭിച്ച (വൈറ്റ്‌ലിസ്റ്റഡ്) ലിങ്കുകള്‍ അല്ലെങ്കില്‍ മെസേജ് ബ്ലോക്ക് ആകും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണിത്.
നിലവില്‍ കമ്പനി നിയമമനുസരിച്ച് കമ്പനികള്‍ അവരുടെ തന്നെ ഓഹരികള്‍ തിരികെ വാങ്ങുമ്പോള്‍ ഓഹരി ഉടമയ്ക്ക് കൊടുക്കുന്ന തുകയിന്മേലുള്ള നികുതി കമ്പനികള്‍ ആയിരുന്നു അടച്ചിരുന്നത്. എന്നാല്‍ ഇന്നുമുതല്‍ ഓഹരി വാങ്ങിയപ്പോഴുള്‌ല മുതല്‍മുടക്കും കമ്പനിയില്‍ നിന്ന് കിട്ടുന്ന തുകയും തമ്മിലുള്ള വ്യത്യാസം ഡിവിഡന്റ് ആയി കണക്കാക്കി ഓഹരി ഉടമ നികുതി അടയ്ക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക