മുംബൈ: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് ഓഹരി വിപണിയില്‍ കൂപ്പുകുത്തി. വ്യാപാരത്തിനിടെ ഓഹരി ഒന്നിന് 90 രൂപയായി താഴ്ന്നു. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ നിന്ന് 8.5 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്. സര്‍വീസ് സെന്ററുകളില്‍ നിന്ന് മോശം സര്‍വീസ് ആണ് ലഭിക്കുന്നതെന്ന ആരോപണങ്ങള്‍ അടക്കം കമ്പനിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിരവധി പ്രശ്‌നങ്ങളാണ് ഓഹരിയെ ബാധിച്ചത്.
ഭവിഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കമ്പനി ഓഹരി വിപണിയില്‍ തുടക്കമിട്ടത് സ്റ്റോക്ക് ഒന്നിന് 76 രൂപ എന്ന നിലയിലായിരുന്നു. ഇടക്കാലത്ത് ഓഹരി വില 157.40 രൂപ വരെ കുതിച്ചിരുന്നു. തുടര്‍ന്നാണ് ഇടിവ് നേരിടാന്‍ തുടങ്ങിയത്. 157.40 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിട്ട ശേഷം ഇതുവരെ 43 ശതമാനം ഇടിവാണ് കമ്പനിയുടെ ഓഹരി നേരിട്ടത്.
ഒലയ്ക്ക് ഇന്ത്യന്‍ ഇവി വിപണിയില്‍ വിപണി വിഹിതം കുറഞ്ഞു വരികയാണ്. സെപ്റ്റംബറില്‍ 27 ശതമാനമായാണ് താഴ്ന്നത്. വര്‍ദ്ധിച്ചുവരുന്ന മത്സരവും സര്‍വീസ് സെന്ററുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പരാതികളുമാണ് വിപണി വിഹിതം കുറയാന്‍ ഇടയാക്കിയത്. കഴിഞ്ഞ മാസം 24,665 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല വിറ്റത്. ഓഗസ്റ്റില്‍ ഇത് 27,587 യൂണിറ്റുകള്‍ ആയിരുന്നു.
ഹാര്‍ഡ്വെയര്‍ തകരാര്‍, സോഫ്റ്റ്വെയര്‍ തകരാര്‍, സ്പെയര്‍ പാര്‍ട്സ് തുടങ്ങിയ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി കമ്പനി നേരിടുകയാണ്. നൂറുകണക്കിന് ഉപഭോക്താക്കളാണ് ജനകീയ മോഡലായ എസ്1 സീരീസ് ഇവി സ്‌കൂട്ടറിനെതിരെ പരാതി നല്‍കിയത്.ഒലയുടേതിനോട് അടുത്ത് നില്‍ക്കുന്ന പുതിയ മോഡലുകള്‍ മറ്റു കമ്പനികള്‍ പുറത്തിറക്കിയതും വില്‍പ്പനയെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിമാസം 80,000 പരാതികളാണ് ഒല ഇലക്ട്രിക്കിന് ലഭിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക