ന്യൂഡല്‍ഹി: പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായും ഒരു ഇടപാടിന്‍റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയായും ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍- ലെസ് ഇടപാടുകള്‍ നടത്താനാണ് അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം നടത്താന്‍ കഴിയുന്ന പരമാവധി ഇടപാട് പരിധി 2000 രൂപയുമായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി 5000 രൂപയായാണ് ഉയര്‍ത്തിയത്. ഒരു ഇടപാടിന്‍റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. അതായത് ഇനിമുതല്‍ യുപിഐ ലൈറ്റ് ഉപയോഗിച്ച് ആയിരം രൂപയില്‍ താഴെ വരുന്ന ഇടപാടുകള്‍ പിന്‍ ലെസ് ഫോര്‍മാറ്റില്‍ ഒരു ദിവസം നിരവധി തവണ ചെയ്യാം.
പിന്‍ നല്‍കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. പിന്‍ നല്‍കാതെ തന്നെ ഉപയോക്താവിന് ആപ്പ് തുറന്ന് പേയ്‌മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
ഒക്ടോബര്‍ 31 മുതല്‍ യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനായി ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷന്‍ ഉപയോഗിക്കാനാകുമെന്ന് അടുത്തിടെ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കുലറില്‍ അറിയിച്ചിരുന്നു. ഉപയോക്താവ് തെരഞ്ഞെടുത്ത തുക ഉപയോഗിച്ച് യുപിഐ ലൈറ്റ് ബാലന്‍സ് സ്വയമേവാ റീലോഡ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. 500ന് താഴെയുള്ള പിന്‍-ലെസ് ഇടപാടുകള്‍ സുഗമമാക്കുന്നതിനാണ് ഇത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓട്ടോ ടോപ്പ്-അപ്പ് മാന്‍ഡേറ്റ് അസാധുവാക്കാനും കഴിയുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം ഓരോ യുപിഐ ലൈറ്റ് അക്കൗണ്ടിലും ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യാന്‍ കഴിയുന്ന ഇടപാടുകളുടെ എണ്ണം ഒരു ദിവസം അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക