ന്യൂഡല്‍ഹി: ദീര്‍ഘവീക്ഷണമുള്ള വ്യവസായി എന്ന വിശേഷണത്തോടൊപ്പം ചേര്‍ത്തുവെയ്ക്കാവുന്നതാണ് രത്തന്‍ ടാറ്റയിലെ ജീവകാരുണ്യപ്രവര്‍ത്തകനെയും.എല്ലാവരോടും കാരുണ്യം പുലര്‍ത്തിയ അനിതരസാധാരണ മനുഷ്യന്‍ ആയിരുന്നു രത്തന്‍ ടാറ്റ എന്നത് അദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുക തന്നെ ഉത്തര ഉദാഹരണമാണ്.
വിവിധ രംഗങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 9000 കോടി രൂപയാണ് രത്തന്‍ ടാറ്റ ചെലവഴിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നി രംഗങ്ങളിലെ മനുഷ്യനന്മയ്ക്ക് വേണ്ടിയാണ് അദ്ദേഹം തുക വിനിയോഗിച്ചത്. ഇന്ത്യയിലുടനീളം ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ രത്തന്‍ ടാറ്റ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ അനുവദിച്ച സ്‌കോളര്‍ഷിപ്പുകളും ഗ്രാന്റുകളും ഉപയോഗിച്ച് നിരവധി സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചത് വഴി എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ സാധിച്ചു.
ആരോഗ്യമേഖലയില്‍ പിന്നാക്ക പ്രദേശങ്ങള്‍ക്കാണ് രത്തന്‍ ടാറ്റ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. പിന്നാക്ക പ്രദേശങ്ങളിലെ ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനാണ് പ്രധാനമായി തുക ചെലവഴിച്ചത്. ആശുപത്രികള്‍ സ്ഥാപിച്ചതും മെഡിക്കല്‍ ഗവേഷണ സംരംഭങ്ങള്‍ക്കുള്ള ധനസഹായവും എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളും ഉപജീവനവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിലും ചെറുകിട കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന സുസ്ഥിര കാര്‍ഷിക രീതികളെ പിന്തുണയ്ക്കുന്നതിലും ഈ പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
രത്തന്‍ ടാറ്റയുടെ ആസ്തി
2024-ലെ കണക്കനുസരിച്ച്, രത്തന്‍ ടാറ്റയുടെ ആസ്തി ഏകദേശം 3,800 കോടിയാണ്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിലെ അദ്ദേഹത്തിന്റെ ഓഹരിപങ്കാളിത്തത്തില്‍ നിന്നാണ് ആസ്തി കണക്ക് ലഭിക്കുന്നത്. തങ്ങളുടെ കമ്പനികളിലെ ഓഹരികള്‍ വഴി വ്യക്തിഗത സമ്പത്ത് സ്വരൂപിക്കുന്ന പല സമ്പന്നരില്‍ നിന്നും വ്യത്യസ്തമായി, രത്തന്‍ ടാറ്റയുടെ സമ്പത്തിന്റെ ഒരു പ്രധാന ഭാഗം ചാരിറ്റബിള്‍ ട്രസ്റ്റുകളിലേക്കാണ് പോകുന്നത്. ടാറ്റ ട്രസ്റ്റുകള്‍ ടാറ്റ സണ്‍സിന്റെ ഏകദേശം 66% കൈവശം വയ്ക്കുകയും ഇന്ത്യയിലുടനീളമുള്ള വിവിധ ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് ഇവ ലാഭത്തിന്റെ വിഹിതം അനുവദിക്കുകയും ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക