ന്യൂഡല്‍ഹി: പതറാത്ത ആത്മവീര്യവും ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്ത രത്തന്‍ ടാറ്റ വിട പറഞ്ഞതോടെ, ഇനി ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് ആര് എന്ന ചോദ്യം ഉയരുന്നു. രത്തന്‍ ടാറ്റയ്ക്ക് മക്കളില്ലാത്തതിനാല്‍, അദ്ദേഹത്തിന്റെ 3,800 കോടി രൂപയുടെ ആസ്തി ആര് ഏറ്റെടുക്കും എന്നതും ഇപ്പോള്‍ ഉയരുന്ന മറ്റൊരു പ്രധാന ചോദ്യമാണ്.
നിലവില്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ 2017ലാണ് നേതൃത്വം ഏറ്റെടുത്തത്. മുമ്പ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) സിഇഒ ആയിരുന്ന അദ്ദേഹം നേതൃത്വപദവിയില്‍ പുലര്‍ത്തുന്ന സ്ഥിരതയില്‍ പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിലെ മുന്‍നിര നേതാവായിട്ടാണ് അദ്ദേഹത്തെ ഇപ്പോള്‍ കാണുന്നത്. കുടുംബത്തിലും ബിസിനസ്സിലും നിരവധി സാധ്യതയുള്ള അവകാശികളും ഉയര്‍ന്നുവന്നിട്ടുണ്ട്.
നേതൃപദവിയിലേക്ക് ഉയര്‍ന്നുവരുന്ന പേരുകള്‍
നോയല്‍ ടാറ്റ:
രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരന്‍ നോയല്‍ ടാറ്റയാണ് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്ന ശക്തനായ ഒരു പേര്. നേവല്‍ ടാറ്റയുടെ (രണ്ടാം വിവാഹത്തില്‍ നിന്നുള്ള) മകനായ അദ്ദേഹം വര്‍ഷങ്ങളായി ടാറ്റ ഗ്രൂപ്പില്‍ പങ്കാളിയാണ്. നോയലിന് മൂന്ന് മക്കളുണ്ട്-മായ, നെവില്‍, ലിയ. അവരേയും ഗ്രൂപ്പിന്റെ ഭാവി നേതാക്കളായി കാണുന്നുണ്ട്.
ലിയ ടാറ്റ:
നോയല്‍ ടാറ്റയുടെ മൂത്ത മകള്‍. ലിയ മാഡ്രിഡിലെ ഐഇ ബിസിനസ് സ്‌കൂളില്‍ നിന്ന് മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. 2006ലാണ് ടാറ്റ ഗ്രൂപ്പില്‍ ചേര്‍ന്നത്. നിലവില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ (ഐഎച്ച്‌സിഎല്‍) വൈസ് പ്രസിഡന്റാണ്.
മായ ടാറ്റ:
ടാറ്റ ക്യാപിറ്റലില്‍ അനലിസ്റ്റായി കരിയര്‍ ആരംഭിച്ച മായ കമ്പനിയില്‍ ഉയര്‍ന്നുവരുന്നതിനുള്ള ശ്രമത്തിലാണ്.
നെവില്‍ ടാറ്റ:
നെവില്‍ തന്റെ അച്ഛന്‍ കെട്ടിപ്പടുക്കാന്‍ സഹായിച്ച റീട്ടെയില്‍ ബിസിനസായ ട്രെന്റിലാണ് കരിയര്‍ ആരംഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക