Noel Tata
ഉപരാഷ്ട്രപതിക്കൊപ്പം നോയൽ ടാറ്റഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കുവെച്ച ചിത്രം

രത്തന്‍ ടാറ്റയുടെ പിന്‍ഗാമി അര്‍ധ സഹോദരന്‍?; ആരാണ് നോയല്‍ ടാറ്റ?

ടാറ്റാ ഗ്രൂപ്പിന് രത്തന്‍ ടാറ്റ നല്‍കിയ മുന്നേറ്റം തുടരാന്‍ നോയല്‍ ടാറ്റയെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിക്കാന്‍ സാധ്യത
Published on

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന് രത്തന്‍ ടാറ്റ നല്‍കിയ മുന്നേറ്റം തുടരാന്‍ നോയല്‍ ടാറ്റയെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിക്കാന്‍ സാധ്യത. മെഹ്ലി മിസ്ത്രിയെ ടാറ്റ ട്രസ്റ്റുകളില്‍ സ്ഥിരം ട്രസ്റ്റിയായി നിയമിച്ചേക്കുമെന്നും ടാറ്റ ഗ്രൂപ്പിന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മെഹര്‍ പല്ലോന്‍ജി ഗ്രൂപ്പിന്റെ ഡയറക്ടറും ടാറ്റ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗവുമാണ് മെഹ്ലി.

ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ടാറ്റ ട്രസ്റ്റ് ഇന്ന് മുംബൈയില്‍ യോഗം ചേരുന്നുണ്ട്. ടാറ്റ സണ്‍സില്‍ ഭൂരിഭാഗം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. ആകെ 66 ശതമാനത്തോളം ഓഹരികള്‍ വരുമിത്. ട്രസ്റ്റി ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനികളുടെ മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റുകളുടെ ഭരണത്തില്‍ രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനായ നോയല്‍ ടാറ്റ ഒരു പ്രധാന പങ്ക് വഹിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സമീപ കാലത്ത് ടാറ്റ ട്രസ്റ്റിനുള്ളില്‍ നോയല്‍ ടാറ്റ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുവരികയാണ്. അദ്ദേഹം നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ്. ഇവ രണ്ടും ടാറ്റ ട്രസ്റ്റിന്റെ കുടക്കീഴിലുള്ള പ്രധാന സ്ഥാപനങ്ങളാണ്. ഈ ട്രസ്റ്റുകള്‍ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുക മാത്രമല്ല, ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുകയും ചെയ്യുന്നു.

ആറ് ഭൂഖണ്ഡങ്ങളിലായി 100ലധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. 2023-24ല്‍ ടാറ്റ കമ്പനികളുടെ വരുമാനം 16500 കോടി ഡോളറിലധികം ആയിരുന്നു. ഈ കമ്പനികളില്‍ ഒന്നാകെ പത്തുലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com