മുംബൈ: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യന്‍ വിഭാഗമായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം. വില്‍പ്പനയ്ക്ക് വെച്ച ഓഹരികളെക്കാള്‍ 2.35 മടങ്ങ് സബ്സ്ക്രിപ്ഷനാണ് ലഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നര വരെയുള്ള കണക്കാണിത്. ഓഫര്‍ ഫോര്‍ സെയില്‍ വഴി 9,97,69,810 ഓഹരികള്‍ വില്‍ക്കാനാണ് കമ്പനി തീരുമാനിച്ചിരുന്നത്. എന്നാല്‍ 23,43,06,856 ഓഹരികള്‍ക്കാണ് അപേക്ഷ വന്നത്.
ഐപിഒയുടെ അവസാന ദിനമായ ഇന്ന് 42 ശതമാനം സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു. ഓഫര്‍ ഫോര്‍ സെയിലിലൂടെ 27,870.2 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയാണിത്. എല്‍ഐസിയുടെ ഐപിഒയെയാണ് ഇത് മറികടന്നത്. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കുള്ള വിഭാഗത്തിന് 0.59 മടങ്ങ് സബ്സ്ക്രിപ്ഷനാണ് ലഭിച്ചത്. ചില്ലറ നിക്ഷേപകര്‍ക്കുള്ള വിഭാഗത്തിന് 0.48 മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍ വിഭാഗത്തിന് 6.95 മടങ്ങും സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു.
ഓഹരി ഒന്നിന് 1865-1960 എന്ന നിലയിലാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നത്. കുറഞ്ഞത് ഏഴ് ഓഹരികള്‍ക്കെങ്കിലും അപേക്ഷിക്കണം. തുടര്‍ന്ന് കൂടുതല്‍ ഓഹരി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഏഴിന്റെ ഗുണിതങ്ങളായാണ് സബ്‌സ്‌ക്രൈബ് ചെയ്യേണ്ടത്. നാളെയാണ് അപേക്ഷിച്ചവര്‍ക്ക് ഓഹരി അനുവദിക്കുന്നത്. ഒക്ടോബര്‍ 22നാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക