ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. അടുത്തിടെ ചൈനയിലാണ് എക്‌സ്200 സീരീസ് അവതരിപ്പിച്ചത്. ഇതില്‍ വിവോ എക്‌സ്200, എക്‌സ്200 പ്രോ, എക്‌സ്200 പ്രോ മിനി എന്നി മൂന്ന് പുതിയ ഫോണുകളാണ് ഉള്‍പ്പെടുന്നത്. ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡിസംബറോടെ പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന.
വിവോ എക്സ്200 സീരീസിന് മീഡിയാടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണ് കരുത്തുപകരുക. സീരീസിലെ ഓരോ സ്മാർട്ട്‌ഫോണിലും 50 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ കാമറ സജ്ജീകരണം അവതരിപ്പിക്കും. സുഗമമായ ഉപയോക്തൃ അനുഭവത്തിനായി സ്മാർട്ട്ഫോണുകൾ ഒറിജിൻ ഒഎസ് 5ലാണ് പ്രവർത്തിക്കുക.
5,800mAh ബാറ്ററിയുമായി വരുന്ന വിവോ എക്സ്200 ഫോൺ 90W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കും. വിവോ എക്‌സ് 200 പ്രോയ്ക്ക് 6,000 എംഎഎച്ച് ബാറ്ററിയും വിവോ എക്സ് 200 പ്രോ മിനി 5,800 എംഎഎച്ച് ബാറ്ററി ശേഷിയുമായാണ് വരുന്നത്.
വിവോ എക്സ്200ന്റെ 12GB + 256GB സ്റ്റോറേജ് വേരിയൻ്റിന് ഏകദേശം 51,000 രൂപ മുതലാണ് വില വരിക. വിവോ എക്സ്200 Pro യുടെ വില ഏകദേശം 63,000 രൂപ വരാം. വിവോ എക്സ്200 പ്രോ മിനിയ്ക്ക് ഏകദേശം 56000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. വിവോ എക്സ്200 ലൈനപ്പ് ഇന്ത്യയുടെ പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക