ന്യൂഡല്‍ഹി: ചിപ്പ് നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ എന്‍വിഡിയ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹിന്ദി ഭാഷയ്ക്കായി 'ലൈറ്റ്‌വെയ്റ്റ്' ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ അവതരിപ്പിച്ചു. എഐ സാങ്കേതികവിദ്യ രംഗത്ത് വളരുന്ന വിപണി എന്ന നിലയില്‍ ഇന്ത്യയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ലോഞ്ച്. എന്‍വിഡിയ ഇന്ത്യയില്‍ സംഘടിപ്പിച്ച ആദ്യ എഐ ഉച്ചകോടിയിലാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്.
കമ്പനികള്‍ക്ക് അവരുടെ സ്വന്തം എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിനായി ചെറിയ ഭാഷാ മോഡല്‍ ആയ നെമോട്രോണ്‍-4-മിനി-ഹിന്ദി-4B ആണ് എന്‍വിഡിയ അവതരിപ്പിച്ചത്. യഥാര്‍ത്ഥ ഹിന്ദി ഡാറ്റയും കൃത്രിമ ഹിന്ദി ഡാറ്റയും സംയോജിപ്പിച്ച ശേഷം പരിശീലിപ്പിച്ചെടുത്തതതാണ് ഈ മോഡല്‍. തുല്യ അളവിലുള്ള ഇംഗ്ലീഷ് ഡാറ്റയും പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ടെക് മഹീന്ദ്രയാണ് ഇഷ്ടാനുസൃതം എഐ വികസിപ്പിക്കുന്നതിന് എന്‍വിഡിയ മുന്നോട്ടുവെച്ച ഓഫര്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഇന്‍ഡസ് 2.0 എന്ന മോഡല്‍ ഹിന്ദിയിലും ഡസന്‍ കണക്കിന് ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് യുഎസ് കമ്പനി അറിയിച്ചു. ചാറ്റ്ജിപിടി പോലുള്ള വലിയ ഭാഷാ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, ചെറിയ ഭാഷാ മോഡലുകള്‍ക്ക് ചെലവ് കുറവാണ്. ചെറിയ കമ്പനികള്‍ക്ക് ഇവയെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.
അതിനിടെ ഇന്ത്യയില്‍ എഐയ്ക്ക് ആവശ്യമായ പശ്ചാത്തലസൗകര്യം ഒരുക്കുന്നതിന് റിലയന്‍സുമായി പങ്കാളിത്തം സ്ഥാപിക്കുമെന്നും എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായി ജെന്‍സന്‍ ഹുവാങ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും സഹകരിക്കാന്‍ തീരുമാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക