ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ കുതിപ്പ്, 33 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ വര്‍ധന.കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ 33 ശതമാനം വര്‍ധനയാണ് രേഖപ്പടുത്തിയത്.
ഈ കാലയളവില്‍ അമേരിക്കന്‍ ടെക് ഭീമന്‍ 600 കോടി ഡോളറിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ ഫോക്സ്‌കോണ്‍ യൂണിറ്റില്‍ നിന്നാണ് ഏറ്റവുമധികം കയറ്റുമതി നടന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയുടെ പകുതിയും തമിഴ്നാട് യൂണിറ്റില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് നിര്‍മ്മാണ വിഭാഗമായ ടാറ്റ ഇലക്ട്രോണിക്സ് ആറ് മാസത്തിനിടെ കര്‍ണാടകയിലെ ഫാക്ടറിയില്‍ നിന്ന് ഏകദേശം 170 കോടി ഡോളറിന്റെ ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം വിസ്ട്രോണ്‍ കോര്‍പ്പറേഷനില്‍ നിന്ന് കര്‍ണാടകയിലെ ഫാക്ടറി ടാറ്റ ഏറ്റെടുക്കുകയായിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സബ്സിഡികള്‍ക്കൊപ്പം ആപ്പിളിന്റെ രാജ്യത്ത് വികസിച്ചുകൊണ്ടിരിക്കുന്ന കംപോണന്റ് ഇക്കോസിസ്റ്റമാണ് കയറ്റുമതിയിലെ ഉയര്‍ച്ചയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആപ്പിളിന് നിലവില്‍ ഇന്ത്യയില്‍ മൂന്ന് നിര്‍മ്മാതാക്കളുണ്ട്. തായ്വാനിലെ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ്, പെഗാട്രോണ്‍ കോര്‍പ്പറേഷന്‍, ഇന്ത്യയുടെ ടാറ്റ ഇലക്ട്രോണിക്സ് എന്നിവയാണ് ഈ മൂന്ന് നിര്‍മ്മാതാക്കള്‍. ഇവയെല്ലാം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം, ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്സ് അടക്കം എല്ലാ പ്രമുഖ ആപ്പിള്‍ വിതരണക്കാര്‍ക്കും തമിഴ്‌നാട്ടില്‍ സാന്നിധ്യമുണ്ട്. തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ശ്രദ്ധേയമായ ആപ്പിള്‍ വിതരണക്കാരില്‍ ചാര്‍ജറുകള്‍ നിര്‍മ്മിക്കുന്ന സാല്‍കോമ്പ്, ആപ്പിള്‍ ഐഫോണുകള്‍ക്കായി ഫിനിഷ്ഡ് കവര്‍ ഗ്ലാസ് വിതരണം ചെയ്യുന്ന കോര്‍ണിങ് എന്നിവ ഉള്‍പ്പെടുന്നു.
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കാരണം ആപ്പിള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് അതിന്റെ നിര്‍മ്മാണ അടിത്തറ വൈവിധ്യവത്കരിക്കുകയാണ്. 2017ലാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം ആരംഭിച്ചത്. തുടക്കത്തില്‍ ഐഫോണ്‍ 13, ഐഫോണ്‍ 14, ഐഫോണ്‍ 15 സീരീസ് തുടങ്ങിയ പഴയ തലമുറ മോഡലുകളാണ് നിര്‍മ്മിച്ചത്. ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയുള്‍പ്പെടെ മുഴുവന്‍ ഐഫോണ്‍ 16 ലൈനപ്പും ആപ്പിള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. കൂടാതെ, ഡല്‍ഹിയിലും മുംബൈയിലും രണ്ട് സ്റ്റോറുകള്‍ തുറന്ന് ആപ്പിള്‍ ഇന്ത്യയില്‍ ചില്ലറവില്‍പ്പനയിലും സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. സമീപഭാവിയില്‍ തന്നെ നാല് സ്റ്റോറുകള്‍ കൂടി തുറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക