ന്യൂഡല്‍ഹി: ഐടി സെക്ടറില്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ ജോലി നഷ്ടപ്പെട്ടത് 1,36,000ലധികം പേര്‍ക്ക്. ഓഗസ്റ്റില്‍ മാത്രം ഐബിഎം, ഇന്റല്‍ അടക്കമുള്ള കമ്പനികള്‍ 27,000ലധികം പേരെ പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ഓഗസ്റ്റ് വരെ 422 കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. കമ്പനികളെല്ലാം ചെലവുചുരുക്കലിന്റെ പാതയിലാണ്. 422 കമ്പനികളില്‍ നിന്നായി 1,36,000ലധികം ടെക്കികള്‍ക്കാണ് ഈ വര്‍ഷം ഇതുവരെ ജോലി നഷ്ടപ്പെട്ടത്.
പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ ഈ മാസം 15,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പ്രഖ്യാപിച്ചത്. ഇത് മൊത്തം തൊഴില്‍ശേഷിയുടെ 15 ശതമാനം വരും. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് കമ്പനി നോട്ടീസ് നല്‍കി. 2025ല്‍ 1000 കോടി ഡോളറിന്റെ ചെലവ് വെട്ടിച്ചുരുക്കല്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പ്രഖ്യാപനം. കൂടാതെ നിരാശപ്പെടുത്തുന്ന വരുമാന കണക്കുകളും കടുത്ത തീരുമാനം എടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.
സിസ്‌കോ ആറായിരം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചത്. ഇത് മൊത്തം തൊഴില്‍ശേഷിയുടെ ഏഴുശതമാനം വരും. കൂടുതല്‍ സാധ്യതയുള്ള എഐ, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് ഈ വര്‍ഷത്തെ കമ്പനിയുടെ രണ്ടാമത്തെ പിരിച്ചുവിടല്‍ നടപടിയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഐബിഎം ആയിരം ജീവനക്കാരെയും ജര്‍മ്മന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്‍ഫിനിയോണ്‍ 1400 ജീവനക്കാരെയും പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ആപ്പിള്‍, ഡെല്‍ തുടങ്ങിയ കമ്പനികളും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിലെ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓപ്പറേഷന്‍ ഐബിഎം നിര്‍ത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ഐബിഎം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ